55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഈ മാസം 31‑ന് പ്രഖ്യാപിക്കും. 2024ലെ മികച്ച ചിത്രങ്ങൾക്കുള്ള അവാർഡാണ് പ്രഖ്യാപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് പ്രഖ്യാപനം നടത്താനുള്ള നീക്കത്തിലാണ് അധികൃതർ. ഇത്തവണ 128 സിനിമകളാണ് അവാർഡ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ നിന്ന് അവസാന ഘട്ടത്തിൽ 36 സിനിമകളാണ് എത്തിനിൽക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് ഇപ്പോൾ ചിത്രങ്ങൾ വിലയിരുത്തുന്നത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ബറോസിലൂടെ മോഹൻലാൽ നവാഗത സംവിധായകനുള്ള സാധ്യത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രത്തിനുള്ള പരിഗണനയിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു.
മികച്ച ജനപ്രിയ ചിത്രങ്ങൾക്കുള്ള അവസാന റൗണ്ട് പട്ടികയിൽ അജയന്റെ രണ്ടാം മോഷണം, ഗുരുവായൂർ അമ്പലനടയിൽ, പ്രേമലു, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിൻധാകാണ്ഡം എന്നിവയാണുള്ളത്.

