ജില്ലയിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും ശമനമില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 58 പേർക്ക് ഡെങ്കിപ്പനിയും 21 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. പുന്നപ്ര നോർത്ത് പഞ്ചായത്തിലാണ് ഡെങ്കിപ്പനിബാധ കൂടുതൽ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ ഡെങ്കി ബാധിച്ചത് 13 പേർക്കാണ്. ദിവസം ഒരാളെങ്കിലും ഇവിടെ ഡെങ്കി ബാധിതനാകുന്നുണ്ട്. പുന്നപ്ര സൗത്തിലും ഡെങ്കിപ്പനി ബാധയുണ്ട്. രണ്ടാഴ്ചക്കിടെ ഇവിടെ നാലുപേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ കണക്ക് കൂടി ചേർത്താൽ ഡെങ്കി ബാധിതരുടെ എണ്ണം നൂറുകടക്കും. പുന്നപ്രയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ കൊതുകുകൾ പെരുകിയ നിലയിലാണ്. നോർത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തുതന്നെ കാണയിൽ ഒഴുക്കില്ലാതെ വെള്ളം കെട്ടിക്കിടക്കുകയാണ്.
ആലപ്പുഴ ടൗൺ, ആര്യാട്, മണ്ണഞ്ചേരി, അമ്പലപ്പുഴ വടക്ക്, മാരാരിക്കുളം സൗത്ത്, പള്ളിപ്പുറം, പള്ളിപ്പാട്, ചെട്ടികുളങ്ങര, ഭരണിക്കാവ്, ചെന്നിത്തല, ചെറുതന, നൂറനാട്, നെടുമുടി, കൈനകരി എന്നിവിടങ്ങളിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇത്രയും സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായാണ് ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്. ആലപ്പുഴ നഗരത്തിലെ ജനറൽ ആശുപത്രി, വനിത ശിശു ആശുപത്രി പരിസരങ്ങൾ, മുല്ലാത്തുവളപ്പ്, ചേർത്തല നഗരം, ചെട്ടികാട്, പുന്നപ്ര വടക്ക്, ചുനക്കര എന്നീ സ്ഥലങ്ങൾ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായും നിശ്ചയിച്ചിട്ടുണ്ട്. പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിനു പിറകിൽ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. രോഗബാധിതർ ചികിത്സയോടൊപ്പം പരിപൂർണ വിശ്രമമെടുണം. തുടർച്ചയായ ഛർദി, വയറുവേദന, ശരീരത്തിൽ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസം, രക്തസമ്മർദം താഴുക എന്നിവ അപായ സൂചനകളാണ്.
കുഞ്ഞുങ്ങൾക്ക് രോഗബാധ ഉണ്ടായാൽ ശരീരോഷ്മാവ് കുറയ്ക്കാൻ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി നൽകുക. തിളപ്പിച്ചാറ്റിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നൽകുക. ജലാംശം ശരീരത്തിൽ കുറയുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പനി മാറിയാലും മൂന്നുനാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ, തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കണം. സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.
English Summary: 58 people have contracted dengue fever in two weeks in the district