850 കോടി രൂപയുടെ അഴിമതികേസുമായി ബന്ധപ്പെട്ട് ഫാല്‍ക്കണ്‍ ഉടമ അമർദീപ് കുമാറിന്റെ സ്വകാര്യ ജെറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നുമാണ് ഹോക്കർ 800എ ജെറ്റ് (എന്‍935എച്ച്) ഇഡി പിടിച്ചെടുത്തത്. ഫാൽക്കൺ അഴിമതിക്കേസിലെ മുഖ്യ പ്രതിയാണ് അമർദീപ് കുമാര്‍.
ജനുവരി 22ന് ഈ ജെറ്റ് ഉപയോഗിച്ച് അമര്‍ദീപും സഹായിയും ദുബായിലേക്ക് കടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2024ൽ പ്രസ്റ്റീജ് ജെറ്റ്സ് ഇൻകോർപറേറ്റഡ് വഴി 14 കോടി രൂപയ്ക്കാണ് അമര്‍ദീപ് ജെറ്റ് വാങ്ങിയത്. വ്യാജ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിങ് നിക്ഷേപ പദ്ധതിയിലൂടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഫാൽക്കൺ ഗ്രൂപ്പ് നിക്ഷേപകരിൽ നിന്ന് 1,700 കോടി രൂപ പിരിച്ചതായാണ് ആരോപണം. ചെയര്‍മാനായ അമർദീപ് ഉൾപ്പെടെയുള്ള പ്രധാന എക്‌സിക്യൂട്ടീവുകൾ ഒളിവിലാണ്. കഴിഞ്ഞ മാസം 15ന് തട്ടിപ്പുമായി ബന്ധപ്പെട്ട് പവൻ കുമാർ ഒഡെല (വൈപി), കാവ്യ നല്ലൂരി ( ഫാൽക്കൺ ക്യാപിറ്റൽ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടർ) എന്നിവരെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.