Site iconSite icon Janayugom Online

5ജി അത്ര വേഗത്തിലല്ല: ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നേക്കും

ടെലികോം-ഇന്റര്‍നെറ്റ് സേവന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന 5ജി അത്ര വേഗമൊന്നും രാജ്യത്ത് ലഭ്യമാകില്ലെന്ന് സൂചന. രാജ്യത്തെ വലിയ 10 നഗരങ്ങളില്‍ തന്നെ സേവനം ലഭ്യമാകാന്‍ ആറു മുതല്‍ എട്ടു മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ടവറുകളില്‍ 5ജി നെറ്റ്‌വര്‍ക്കിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് ഏറ്റവും പ്രധാനം. കൂടാതെ 5ജിയുടെ ഉപകരണങ്ങളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചൈനാ–തായ്‌വാന്‍ സംഘര്‍ഷം ലോകത്തെ ചിപ്പ് നിര്‍മ്മാണ രംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ 5ജി നടപ്പാക്കുന്ന ആദ്യനഗരങ്ങളില്‍ തന്നെ പൂര്‍ണമായ കവറേജ് ലഭിക്കാന്‍ ഒരുവര്‍ഷമെങ്കിലും എടുത്തേക്കും. ടെലികോം കമ്പനികള്‍ എങ്ങനെ 5ജി വിന്യസിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുടക്കത്തില്‍ നെറ്റ്‌വര്‍ക്കിന്റെ ലഭ്യത. കൂടുതല്‍ കവറേജില്‍ ചുരുങ്ങിയ പ്രദേശത്ത് മാത്രമോ, അല്ലെങ്കില്‍ കുറഞ്ഞ കവറേജില്‍ കൂടുതല്‍ പ്രദേശങ്ങളിലോ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാം. റിലയന്‍സ് ജിയോയും എയര്‍ടെല്ലും ഓഗസ്റ്റില്‍ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമെ വോഡഫോൺ- ഐഡിയയും അഡാനി ഗ്രൂപ്പും 5ജി ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry : 5G is not that fast: may have to wait up to a year
You may also like this video

Exit mobile version