Site iconSite icon Janayugom Online

അഞ്ചാം ലോക കേരള സഭ മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്ത്

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 29, 30, 31 തിയതികളില്‍ തിരുവനന്തപുരത്ത് ചേരും. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസി പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനം മറ്റന്നാള്‍ വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്‌റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ് കുമാർ, വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി കെ പ്രശാന്ത് എംഎൽഎ, മേയർ വി വി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ്‌ ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം എ യൂസഫലി, നോര്‍ക്ക റൂട്ട്സ് ഡയറക്ടർമാരായ ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലീസ്, നോർക്ക സെക്രട്ടറി അനുപമ ടി വി തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്ന് 30 നും 31 നും ലോകകേരളസഭാ സമ്മേളനം നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും. 36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾകൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് അതിന്റെ പ്രാതിനിധ്യം വിപുലീകരിച്ചുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
30ന് രാവിലെ 10 ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഖ്യമന്ത്രി സമീപന രേഖ സമർപ്പിക്കും. സ്പീക്കർ എ എൻ ഷംസീർ പങ്കെടുക്കും. സ്റ്റുഡന്റ് മൈഗ്രെഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം എട്ട് വിഷയ അടിസ്ഥാനത്തിലുള്ള ചർച്ചകളും ഏഴ് മേഖലാ സമ്മേളനങ്ങളും നടക്കും. നിയമസഭയിലെ എട്ടു ഹാളുകളിലായാണ് ഉച്ചയ്ക്ക് 2.30 മുതൽ 3.45 വരെ ചർച്ചകൾ നടക്കുന്നത്. പ്രവാസി ഭരണ നിർവഹണം- നവീകരണ സാധ്യതകളും പരിഷ്കാരങ്ങളും എന്ന വിഷയത്തിലുള്ള ചർച്ചയിൽ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ഡോ. ആർ ബിന്ദു, വിദേശ തൊഴിൽ അവസരങ്ങളും സുരക്ഷിത കുടിയേറ്റവും : മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവ തൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ എന്ന വിഷയത്തിൽ മന്ത്രി വി ശിവൻ കുട്ടി, എൻആർഐ(കെ) കമ്മിഷൻ ജസ്റ്റിസ് (റിട്ട) സോഫി തോമസ്, വിദ്യാർത്ഥി കുടിയേറ്റം: ഭാവിയും വെല്ലുവിളികളും എന്ന വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, സ്ത്രീ കുടിയേറ്റം : പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ മന്ത്രി വീണ ജോർജ്, പ്രവാസി നിക്ഷേപവും സംരംഭകത്വവും:നവീകരണ വൈവിധ്യവൽക്കരണ സാധ്യതകൾ എന്ന വിഷയത്തിൽ മന്ത്രി പി രാജീവ്, പുതു തലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മന്ത്രി എം ബി രാജേഷ്, പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികളുടെ ഭാവിയും സുസ്ഥിര സാമ്പത്തിക മാതൃകകളുടെ ആവശ്യകതയും എന്ന വിഷയത്തിൽ മന്ത്രി കെ രാജൻ, കേരളീയ കല- സാഹിത്യ- ഭാഷാ പ്രചാരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ മന്ത്രി സജി ചെറിയാൻ എന്നിവരും എംഎൽഎമാർ ഗവൺമെന്റ് സെക്രട്ടിമാർ അതത് വിഷയങ്ങളിലെ വിദഗ്ധർ തുടങ്ങിയവരും പങ്കെടുക്കും.
വൈകുന്നേരം നാല് മുതൽ 5.30 വരെയാണ് മേഖലാ സമ്മേളനങ്ങൾ. പശ്ചിമേഷ്യൻ രാജ്യങ്ങൾ സംബന്ധിച്ച മേഖലാ സമ്മേളനത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി , ഇതര ഏഷ്യൻ രാജ്യങ്ങളും പസഫിക്ക് രാജ്യങ്ങളും — മന്ത്രി കെ ബി ഗണേഷ് കുമാർ, യൂറോപ്പ്- മന്ത്രി റോഷി അഗസ്റ്റിൻ, അമേരിക്കൻ രാജ്യങ്ങൾ — മന്ത്രിമാരായ വി എൻ വാസവൻ , ജി ആർ അനിൽ, ആഫ്രിക്ക- മന്ത്രി കെ കൃഷ്ണൻകുട്ടി , ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ- മന്ത്രിമാരായ ജെ ചിഞ്ചു റാണി, എ കെ ശശീന്ദ്രൻ, തിരികെയെത്തിയ പ്രവാസികൾ- മന്ത്രിമാരായ പി പ്രസാദ്, ഒ ആർ കേളു എന്നിവരും എംഎൽഎമാർ, സർക്കാർ പ്രതിനിധികൾ, സെക്രട്ടേറിയറ്റ് പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. 30ന് വൈകിട്ട് മൂന്ന് മുതൽ ‘നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളജിൽ ഓപ്പൺ ഫോറവും സംഘടിപ്പിക്കും.
31ന് രാവിലെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ ഒമ്പത് മുതൽ 10.15 വരെ ഏഴ് മേഖലാ യോഗങ്ങളുടെയും എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോർട്ടിങ് നടക്കും. തുടര്‍ന്ന് വീഡിയോ, പ്രമേയ അവതരണങ്ങളും പ്രസംഗങ്ങളും നടക്കും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി മറുപടി പ്രസംഗം ന‍ടത്തും. മൂന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരള സഭ സമാപിക്കും. 

Exit mobile version