1962 ഫെബ്രുവരി മൂന്നിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, 3447‑ൽ പ്രഖ്യാപനം പുറപ്പെടുവിച്ചതോടെ പ്രാബല്യത്തില്‍വന്ന ക്യൂബയ്ക്കെതിരായ ഉപരോധത്തിന് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രചാരത്തിലുള്ള ഒരു സംഭവകഥയുണ്ട്.
ഉപരോധം പ്രഖ്യാപിക്കുന്നതിന് തലേദിവസം ഫെബ്രുവരി രണ്ടിന് കെന്നഡി തന്റെ പ്രസ് സെക്രട്ടറി പിയറി സലിംഗറിനെ വിളിപ്പിച്ച് ഒരു ഉത്തരവാദിത്തം ഏല്പിക്കുന്നു. തനിക്ക് കുറച്ചധികം ക്യൂബന്‍ സിഗരറ്റ് ആവശ്യമുണ്ടെന്നും അത് സമാഹരിച്ചു നല്കണമെന്നുമായിരുന്നു അത്. എത്രവേണ്ടി വരും പ്രസിഡന്റ് എന്ന സലിംഗറിന്റെ ചോദ്യത്തിന് ആയിരത്തിലധികം എന്നായിരുന്നു ഉത്തരം. വാഷിങ്ടണിലെ കടകളായ കടകളെല്ലാം കയറി സലിംഗര്‍ കൈകൊണ്ട് ചുരുട്ടിയുണ്ടാക്കുന്ന 1200 പാക്കറ്റ് സിഗരറ്റ് വൈറ്റ് ഹൗസിലെത്തിക്കുന്നു. അടുത്ത ദിവസം രാവിലെ എട്ടുമണിയോടെ ഓഫീസിലെത്തിയ സലിംഗറുടെ മേശപ്പുറത്തെ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കാവുന്ന ടെലിഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. എന്താണ് ചെയ്യുന്നത് സലിംഗര്‍ എന്നു ചോദിച്ചുകൊണ്ടായിരുന്നു കെന്നഡി സംഭാഷണം തുടങ്ങിയത്. നന്നായിരിക്കുന്നുവെന്ന് മറുപടി നല്കിയ സലിംഗര്‍ പ്രസിഡന്റിന്റെ മുറിയിലേയ്ക്ക് നടന്നു. ഉടന്‍ കെന്നഡി തന്റെ മേശവലിപ്പില്‍ നിന്ന് പുറത്തെടുത്ത കടലാസില്‍ ഒപ്പുവച്ച് സലിംഗറെ ഏല്പിച്ചു. അമേരിക്കയില്‍ ക്യൂബന്‍ ഉല്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള വിജ്ഞാപനമായിരുന്നു അത്. ഇതോടെ ക്യൂബയില്‍ നിന്നുള്ള സിഗരറ്റുകളും അമേരിക്കയില്‍ നിരോധിത വസ്തുവായി. സലിംഗര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
അമേരിക്കയുമായി ഇത്തരം വസ്തുക്കളുടെ ഇടപാടുകളുള്ളപ്പോഴും മിക്കവാറും എല്ലാ അവശ്യ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ക്യൂബ ആശ്രയിച്ചിരുന്നത് അമേരിക്കയെയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, അസംസ്കൃത പരുത്തി, സോപ്പ് എന്നിങ്ങനെ എല്ലാം. 1962 ഫെബ്രുവരി മൂന്നിന് വിജ്ഞാപനം പുറപ്പെടുവിച്ച കെന്നഡി രണ്ടുവര്‍ഷമെത്തുന്നതിന് മുമ്പ് 1963 നവംബര്‍ 22 ന് കൊല്ലപ്പെട്ടു. ക്യൂബയിൽ ഫിഡൽ കാസ്ട്രോ അധികാരമേറ്റതുമുതൽ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം ഇന്നും തുടരുകയാണ്. യുക്തിസഹമായ വിശദീകരണം പോലുമില്ലാതെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ എതിർപ്പോടെ ഉപരോധം തുടരുവാന്‍ യുഎസിന് എങ്ങനെ സാധിക്കുന്നുവെന്നത് അറുപതു വർഷം പിന്നിടുമ്പോഴും മനസിലാക്കാൻ സാധിച്ചിട്ടില്ലാത്ത വസ്തുതയാണ്. ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്ക ക്യൂബന്‍ ഉപരോധം ഇപ്പോഴും തുടരുന്നത്. ഐക്യരാഷ്ട്രസഭാ പൊതുസഭ 28 തവണയാണ് ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. 180ലധികം രാജ്യങ്ങളുടെ പിന്തുണയോടെയാണ് എല്ലാ പ്രമേയങ്ങളും അംഗീകരിക്കപ്പെട്ടതെങ്കിലും ലോകത്തിന്റെയാകെ വികാരം ഉള്‍ക്കൊള്ളാതെ അമേരിക്ക മുന്നോട്ടുപോകുകയാണ്. എന്നാല്‍ എല്ലാ ഉപരോധങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുമെന്ന ഉറച്ച പ്രഖ്യാപനമാണ് 60ാം വര്‍ഷത്തിലും കൊച്ചു ക്യൂബയ്ക്കും അവിടെയുള്ള ഭരണകൂടത്തിനും അമേരിക്കയോട് പറയാനുള്ളത്. പ്രസ്തുത ഇച്ഛാശക്തി ആവര്‍ത്തിച്ച് വ്യക്തമാകുന്നതായിരുന്നു കഴിഞ്ഞ ദിവസം ക്യൂബന്‍ വിപ്ലവ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവന.
ഇതുകൂടി വായിക്കൂ: ക്യൂബയില്‍ 90 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി
അമേരിക്ക ഔപചാരികമായി ഏർപ്പെടുത്തിയ സാമ്പത്തിക, വാണിജ്യ ഉപരോധങ്ങള്‍ 60 വർഷത്തിലേറെയായി തുടരുന്നതിനെ അപലപിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ക്യൂബന്‍ സര്‍ക്കാരിന്റെ പ്രസ്താവന ആരംഭിക്കുന്നത്. 1961ലെ വിദേശ സഹായ നിയമത്തിലെ സെക്ഷൻ 620(എ) പ്രകാരം ക്യൂബയുമായുള്ള എല്ലാ വ്യാപാരങ്ങള്‍ക്കും ഇടപാടുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നുവെന്നായിരുന്നു കെന്നഡി ഒപ്പുവച്ച വിജ്ഞാപനത്തിന്റെ ഉള്ളടക്കം.
വിപ്ലവ വിജയത്തിന് ശേഷം ക്യൂബയ്ക്കെതിരെ ഏകപക്ഷീയമായി പ്രാബല്യത്തില്‍ വരുത്തിയ സാമ്പത്തിക ശത്രുതയ്ക്ക് കെന്നഡി വിജ്ഞാപനം വഴി ഔദ്യോഗിക പരിവേഷം നല്കുകയായിരുന്നു. അന്നുമുതൽ, വാഷിങ്ടണിന്റെ ഉപരോധ നയവും സാമ്പത്തിക അടിച്ചമർത്തലും ആരംഭിച്ചു. അമേരിക്കന്‍ പക്ഷപാതികളായ ചില രാജ്യങ്ങളും അവരോടൊപ്പം ചേര്‍ന്നു. ഇത് ക്യൂബൻ ജനതയ്ക്ക് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും സാമ്രാജ്യത്വ ആധിപത്യത്തിൽ നിന്ന് മുക്തമായ വികസന പരിപാടി യാഥാർത്ഥ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപോലും വെല്ലുവിളി സൃഷ്ടിച്ചു. ക്യൂബയെ തകര്‍ക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള കേന്ദ്രമായി അമേരിക്ക മാറുകയും ചെയ്തു. അമേരിക്കയുടെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും ലോകത്ത് നിലവിലുള്ള സോഷ്യലിസ്റ്റ് ചേരിയുമായാണ് ഉറ്റബന്ധം പുലര്‍ത്തുന്നത് എന്നതായിരുന്നു ക്യൂബയ്ക്കെതിരായ ഉപരോധത്തിന്റെ മുഖ്യകാരണമായി അമേരിക്ക വിശദീകരിച്ചത്. അത് അമേരിക്കന്‍ രാജ്യങ്ങളുടെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും അമേരിക്കയുടെയും പടിഞ്ഞാറന്‍ ഭൂഖണ്ഡത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ പ്രചരിപ്പിച്ചു.
ഇതുകൂടി വായിക്കൂ: യുഎസ് ഭരണകൂടത്തിന്റെ ക്യൂബന്‍ വിദ്വേഷം
ക്യൂബയോടുള്ള അമേരിക്കന്‍ ഉപരോധത്തിന്റെ യഥാര്‍ത്ഥ കാരണമെന്തായിരുന്നുവെന്നതിന് 1960 ഏപ്രില്‍ ആറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലെസ്റ്റര്‍ ഡി മല്ലോറി പുറപ്പെടുവിച്ച ആഭ്യന്തര സര്‍ക്കുലര്‍ ഉത്തരം നല്കുന്നുണ്ട്. സാമ്പത്തികമായ അസംതൃപ്തിയും പ്രയാസങ്ങളും സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍തന്നെ ജനങ്ങളില്‍ അസംതൃപ്തി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. അവര്‍ക്ക് പണം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളും വസ്തുക്കളുടെ വിതരണവും തടസപ്പെടുത്തുക വഴി ദാരിദ്ര്യവും നിരാശയും വര്‍ധിപ്പിക്കുവാനും വിപ്ലവ സര്‍ക്കാരിനെ അട്ടിമറിക്കാനുമാകുമായിരുന്നു എന്നാണ് പ്രസ്തുത സര്‍ക്കുലറിലുണ്ടായിരുന്നത്. ഇതുകഴിഞ്ഞ് രണ്ടുവര്‍ഷമാകുമ്പോഴാണ് കെന്നഡി ഔപചാരിക ഉപരോധം പ്രഖ്യാപിച്ചത്.
ഉപരോധം എന്നായിരുന്നു പേരെങ്കിലും ഒരു രാജ്യത്തിനെതിരെ ഇതുവരെ നടന്നിട്ടില്ലാത്ത സങ്കീർണവും ദൈര്‍ഘ്യമേറിയതും മനുഷ്യത്വരഹിതവുമായ സാമ്പത്തിക യുദ്ധമായി അത് പരിണമിച്ചു. മൂന്നാം രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെയും ബാങ്കിങ് ഉള്‍പ്പെടെയുള്ള മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളെയും പരമാവധി തടസപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം തടയുന്നതിനും എല്ലാ വരുമാന സ്രോതസുകളും വെട്ടിക്കുറയ്ക്കുന്നതിനുമായി രൂപകല്പന ചെയ്ത അമേരിക്കന്‍ ഉപരോധം ക്യൂബയുടെ സാമ്പത്തിക വളർച്ചയ്‌ക്കുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ക്യൂബയെ ഒറ്റപ്പെടുത്തുന്നതിനു മാത്രമല്ല, രാജ്യവുമായി വ്യാപാരമോ വാണിജ്യമോ സാമ്പത്തികമോ ആയ ബന്ധങ്ങൾ സ്ഥാപിക്കുന്നവരെ സമ്മർദ്ദം ചെലുത്തിയും ബ്ലാക്ക്‌മെയിൽ ചെയ്തും പിഴകൾ ചുമത്തിയും ദ്രോഹിക്കുന്ന സമീപനങ്ങളും അവര്‍ സ്വീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമായാണ് യുഎസ് ക്യൂബയ്ക്കെതിരായ ഉപരോധം തുടരുന്നത്.
ഇതുകൂടി വായിക്കൂ: ക്യൂബയിലെ വാക്സിൻ വിപ്ലവം
ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന നിയമസാധുതയോ ധാർമ്മിക ന്യായീകരണമോ ഒരു കാലത്തും ഉപരോധത്തെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. മുഴുവന്‍ ക്യൂബക്കാരുടെയും മനുഷ്യാവകാശങ്ങളുടെ നഗ്നവും, വ്യവസ്ഥാപിതവുമായ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഉപരോധം സമ്പദ്ഘടനയ്ക്ക് വന്‍പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുവെന്ന് തല്പരകക്ഷികളെയും ഒരുപറ്റം വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗിച്ച് പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് വസ്തുതാപരമല്ലെന്നും വികസന പ്രക്രിയയ്ക്കും അതിന്റെ തുടര്‍ച്ചയ്ക്കും വലിയ പോറലേല്പിക്കുവാനായില്ലെന്നും ക്യൂബന്‍ സര്‍ക്കാരിന്റെ പ്രസ്താനയില്‍ പറയുന്നു. ഇക്കാലയളവിനിടയില്‍ ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ 1.44 ലക്ഷം കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ പിന്തുണയോടെയും സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നടപടികളുടെയും ഫലമായി സുസ്ഥിരമായ സമ്പദ്ഘടനയും വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുവാന്‍ രാജ്യത്തിന് സാധിക്കുന്നുണ്ട്.
2019 മുതൽ, സാമ്പത്തിക ഉപരോധ നടപടികൾ അതിന്റെ തീവ്രരൂപത്തിലെത്തി. അസാധാരണമായ യുദ്ധകാലത്തെന്നതുപോലെ ക്യൂബയിലേക്കുള്ള ഇന്ധന വിതരണം തടയാനുള്ള ശ്രമങ്ങളുണ്ടായി. കോവിഡ് മഹാമാരി നേരിടുന്ന ഘട്ടത്തില്‍ ഉപരോധം ശക്തമാക്കുകയെന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണെങ്കിലും അമേരിക്കയ്ക്കു ഒരു മടിയുമുണ്ടായില്ല. വാക്സിന്‍ വികസനവും മരുന്ന് ലഭ്യതയും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായി.
എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ശക്തിയും ക്യൂബൻ ജനതയുടെ ഐക്യവും മൂലം വന്‍ സാമ്പത്തിക തകർച്ച ഒഴിവാക്കാനായി. എന്നുമാത്രമല്ല രാജ്യം വിഭാവനം ചെയ്യുന്ന മാനവ വികസനത്തിന്റെ സൂചികകള്‍ (യുഎൻ അംഗീകരിച്ച മാനവ വികസന സൂചികകൾ അനുസരിച്ച്) മികച്ച തലത്തിലെത്തിക്കുവാനും രാജ്യത്തെ പ്രാപ്തമാക്കി. സാമൂഹിക നീതിയുടെ കാര്യത്തിലും സുസ്ഥിര വളർച്ച ലക്ഷ്യമിട്ട് സാമ്പത്തിക, ഉല്പാദന ഘടനയിൽ ക്രമാനുഗതമായ മാറ്റം കൊണ്ടുവരുന്നതിലും നിഷേധിക്കുവാനാകാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് സാധിക്കുകയും ചെയ്തു. ചെറുതും അവികസിതവുമായ സമ്പദ് വ്യവസ്ഥകള്‍ക്ക് ഇത്രയും കടുത്ത അതിക്രമങ്ങളെ അതിജീവിക്കുവാന്‍ കഴിയുമായിരുന്നോയെന്ന് ആര്‍ക്കും അത്ഭുതം തോന്നാവുന്നതാണ്. വളഞ്ഞിട്ടെന്നതുപോലെയുള്ള ഈ സാമ്പത്തിക ഉപരോധം പ്രായോഗികമായി ആഗോളതലത്തില്‍ ഏകകണ്ഠവും സാര്‍വത്രികവുമായി തിരസ്കരിക്കപ്പെട്ടതുതന്നെയാണ്.
ഇതുകൂടി വായിക്കൂ: കൊറോണക്കാലത്ത് ലോകം ക്യൂബയെ തേടുന്നു
എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭാ പൊതുസഭ അംഗീകരിക്കുന്ന പ്രമേയത്തിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണയ്ക്കു പുറമേ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഉപരോധത്തെ അപലപിച്ച് നിരന്തരം രംഗത്തെത്തുന്നത് ആ നിരാകരണത്തെയാണ് വ്യക്തമാക്കുന്നത്. 1959 മുതൽ ഇതുവരെയായി വൈറ്റ് ഹൗസിൽ 13 പ്രസിഡന്റുമാരാണ് ഉണ്ടായത്. എല്ലാ ഘട്ടത്തിലും ക്യൂബയുടെ വിപ്ലവ മുന്നേറ്റത്തെയും സമ്പദ്ഘടനയെയും അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, നേരിയ വ്യതിയാനങ്ങളോടെയാണെങ്കിലും ഉപരോധം കർശനമായി തുടരുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ നടപടിയുടെ പ്രയോക്താക്കള്‍ അവരുടെ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്നും ഒരിക്കലും നേടിയെടുക്കാൻ കഴിയില്ലെന്നും തിരിച്ചറിയാൻ 60 വർഷം മതിയായ സമയം ആയിട്ടില്ലെന്ന് തോന്നുന്നുവെന്ന് ക്യൂബന്‍ സര്‍ക്കാറിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക, വാണിജ്യ, വ്യാപാര ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ക്യൂബ, മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉപരോധം പൂർണമായി അവസാനിപ്പിക്കുന്നതുവരെ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.