Site icon Janayugom Online

കര്‍ഷകരോടുള്ള കലിയടങ്ങാതെ കേന്ദ്രസര്‍ക്കാര്‍: പിഎം-കിസാന്‍ സമ്മാൻ നിധിയില്‍ നിന്ന് 67% പേര്‍ പുറത്ത്

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി(പിഎം-കിസാന്‍)യില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് പുറത്തായത് 67% പേര്‍. പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചവരില്‍ 67% പേര്‍ക്ക് 11-ാം ഗഡു ലഭിച്ചില്ലെന്ന് കേന്ദ്ര കര്‍ഷക മന്ത്രാലയം കനയ്യകുമാറിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. യോഗ്യരായ കര്‍ഷക കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പദ്ധതി 2019ലാണ് ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് ഈ പണം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത്.

2019 ഫെബ്രുവരിയില്‍ ആദ്യ ഗഡു 11.84 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്. എന്നാല്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ വന്ന പതിനൊന്നാം ഗഡു ലഭിച്ചത് 3.87 കോടി പേര്‍ക്ക് മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പദ്ധതി പ്രഖ്യാപിച്ചതും ആദ്യ ഗഡു വിതരണം ചെയ്തതും. ഒക്ടോബറിലാണ് 12-ാം ഗഡു നല്‍കേണ്ടത്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ആര്‍ടിഐ രേഖകള്‍ അനുസരിച്ച് ആന്ധ്രപ്രദേശില്‍ 55.68 ലക്ഷത്തില്‍ നിന്നും 28.2 ലക്ഷമായി കുറഞ്ഞു. ബിഹാറില്‍ 83 ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി കുറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ 11-ാം ഗഡു ലഭിച്ചത് കേവലം രണ്ട് ലക്ഷം കര്‍ഷകര്‍ക്ക് മാത്രമാണ്. 37 ലക്ഷം പേര്‍ക്കായിരുന്നു ഇവിടെ ആദ്യ ഗഡു ലഭിച്ചത്. 

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ആദ്യ ഗഡു 63.13 ലക്ഷം കര്‍ഷകര്‍ക്കും 11-ാം ഗഡു 28.41 ലക്ഷം കര്‍ഷകര്‍ക്കുമാണ് ലഭിച്ചത്. ഹരിയാനയില്‍ 11.73 ലക്ഷമായിരുന്നത് 11.59 ലക്ഷമായി. മഹാരാഷ്ട്രയില്‍ 1.09 കോടിയായിരുന്നത് 37.51 ലക്ഷമായി. മധ്യപ്രദേശില്‍ 88.63 ലക്ഷമായിരുന്നത് 2022 ആയപ്പോള്‍ വെറും 12,053 ആയി കുറഞ്ഞു. മേഘാലയയില്‍ 1.95 ലക്ഷം കര്‍ഷകര്‍ക്ക് ആദ്യ ഗഡു ലഭിച്ച സ്ഥാനത്ത് 627 പേര്‍ക്ക് മാത്രമാണ് പതിനൊന്നാം ഗഡു ലഭിച്ചത്. പഞ്ചാബില്‍ 23.34 ലക്ഷമായിരുന്നത് 11.31 ലക്ഷമായി. ഉത്തര്‍പ്രദേശില്‍ 2.6 കോടിയായിരുന്നത് 1.26 കോടിയായി. പശ്ചിമബംഗാളില്‍ 45.63 ലക്ഷം കര്‍ഷകരാണ് ആദ്യ ഗഡു വാങ്ങിയത്. എന്നാല്‍ ആറാം ഗഡു മുതല്‍ ഒരു കര്‍ഷകര്‍ക്കും പണം കിട്ടിയിട്ടില്ല. ഛണ്ഡിഗഡില്‍ ആദ്യ ഗഡു 460 പേര്‍ക്ക് കിട്ടിയ സ്ഥാനത്ത് 11-ാം ഗഡു ലഭിച്ചത് കേവലം മൂന്ന് പേര്‍ക്ക് മാത്രം. കേരളത്തില്‍ ആദ്യ ഗഡു 36.99 ലക്ഷം കര്‍ഷകര്‍ക്കും 11-ാം ഗഡു 24.23 ലക്ഷം പേര്‍ക്കുമാണ്. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയില്‍ നിന്ന് പുറത്തായത് 12.76 ലക്ഷം പേര്‍. 

ഈ രേകകള്‍ ഞെട്ടിക്കുന്നതാണെന്നാണ് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവലേ പറഞ്ഞത്. മൂന്നില്‍ രണ്ട് കര്‍ഷകരും പദ്ധതിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതെന്നാണ് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രാലയം പറയുന്നത്. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും അത് കേന്ദ്രസര്‍ക്കാരിന് കൈമാറുന്നതും സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍ ഈ പദ്ധതിയില്‍ നിന്നും കര്‍ഷകര്‍ പുറത്താകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറയുന്നു.

എന്നാല്‍ 2020 നവംബര്‍ 26ന് കര്‍ഷക സമരം ആരംഭിച്ചതിന് ശേഷമാണ് ഓരോ സംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് വരാന്‍ തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്. കര്‍ഷക സമരത്തോടുള്ള പ്രതികാരമായാണോ പദ്ധതിയില്‍ നിന്നും കര്‍ഷകരെ കുറേശെയായി പുറത്താക്കിയതെന്നാണ് സംശയമുയരുന്നത്. ഈമാസം 26 മുതല്‍ കര്‍ഷകര്‍ വീണ്ടും സമരം ആരംഭിക്കാനിരിക്കെ ഇനി ഈ പദ്ധതി പൂര്‍ണ്ണമായും നിര്‍ത്തലാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

Eng­lish Sum­mery: 67% drop in PM-Kisan pay­out in 3 years: RTI reply,is a revenge against farm­ers protest
You may also like this video

Exit mobile version