Site iconSite icon Janayugom Online

അവകാശികളില്ലാത്ത നിക്ഷേപം 67000 കോടി

ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളാണ് 87% നിക്ഷേപവും കൈവശം വച്ചിരിക്കുന്നതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലിമെന്റിൽ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു. 2025 ജൂൺ 30 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ കൈവശം വച്ചിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 19,239 കോടി രൂപയാണ് എസ്ബിഐയുടെ മാത്രം കൈവശമുള്ളത്. 

പഞ്ചാബ് നാഷനൽ ബാങ്ക് 6,910.67 കോടി രൂപ, കാനറ ബാങ്ക് 6,278.14 കോടി, ബാങ്ക് ഓഫ് ബറോഡ 5,277.36 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 5,104.50 കോടി എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖലാ ബാങ്കുകൾ. ആകെ 58,330.26 കോടി. സ്വകാര്യ ബാങ്കുകളിൽ മാത്രമായി 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കൈവശം വച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. 2,063.45 കോടി. എച്ച്ഡിഎഫ‌്സി ബാങ്ക് 1,609 കോടിയും ആക്സിസ് ബാങ്ക് 1,360 കോടിയും കൈവശം വച്ചിരിക്കുന്നു. മറ്റ് ധനകാര്യസ്ഥാപനങ്ങളിലുൾപ്പെടെയുള്ള കണക്കുകൾ നോക്കുമ്പോൾ ഒരു ലക്ഷം കോടിയിലധികം രൂപ ക്ലെയിം ചെയ്യപ്പെടാത്തതായുണ്ടെന്നാണ് കണക്ക്. 

പത്തുവർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്. അക്കൗണ്ട് ഉടമ മരണപ്പെടുമ്പോഴാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ ഫണ്ടുകൾ 10 വർഷത്തെ പരിധി കഴിഞ്ഞാൽ ആർബിഐയുടെ ഡിപ്പോസിറ്റർ എജ്യൂക്കേഷൻ ആന്റ് അവയർനെസ് ഫണ്ടിലേക്ക് മാറ്റും. അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്താക്കൾ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ അവകാശികളില്ലാത്ത നിക്ഷേപം പെരുകുന്നത് കുറയ്ക്കുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.
പഴയ അക്കൗണ്ടുകളിൽ പണമുണ്ടോ എന്ന് കണ്ടെത്താൻ റിസർവ് ബാങ്ക് ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ അൺ ക്ലെയിംഡ് ഡെപ്പോസിറ്റ്സ്-ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ (യുഡിജിഎം) ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് എളുപ്പത്തിൽ തിരയാൻ സാധിക്കും. 2023 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടില്‍ 62,225 കോടിയാണുണ്ടായിരുന്നത്. അതിൽ നിന്നാണ് 67,003 കോടിയായി ഉയർന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ആർബിഐ സൂക്ഷിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 

Exit mobile version