സംസ്ഥാനത്തെ 69,000ത്തിലധികം കേന്ദ്രങ്ങളും സ്ഥാപനങ്ങളും കേരളപ്പിറവിദിനമായ നാളെ ഹരിത പദവി കൈവരിക്കും. ജില്ലാതലത്തിലും തദ്ദേശസ്ഥാപനങ്ങളിലും ഇതിന്റെ പ്രഖ്യാപനം നടക്കും. ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം. കൊല്ലത്ത് മന്ത്രിമാരായ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും വിവിധ ഘടകങ്ങളുടെ പ്രഖ്യാപനം നിർവഹിക്കും. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം കളക്ടർ അനുകുമാരി നടത്തും.
മറ്റിടങ്ങളിൽ എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നേതൃത്വം നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ 13 ന് ശേഷമാകും ജില്ലാതല പരിപാടി നടക്കുക. നാളെ സംസ്ഥാനത്തെ 916 ടൗണുകളാണ് ഹരിതസുന്ദര പദവിയിലെത്തുക. ഒപ്പം 543 പൊതുസ്ഥലങ്ങൾ, 17,339 ഓഫിസുകൾ, 6,681 സ്കൂൾ, 414 കോളജ്, 43,116 അയൽക്കൂട്ടങ്ങൾ എന്നിവയ്ക്കും ഹരിത പദവി ലഭിക്കും. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുക ലക്ഷ്യമിട്ട് 2025 മാർച്ച് 30 വരെ നടക്കുന്ന ജനകീയ ക്യാമ്പയിൻ ഒക്ടോബർ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്.