പ്രതിപക്ഷം ദുരാരോപണങ്ങളാല്‍ അരിഞ്ഞുവീഴ്‌ത്താന്‍ ശ്രമിച്ച കിഫ്‌ബിയുടെ ചിറകിലേറി കേരളം വികസനത്തിന്റെ പുതിയ ലക്ഷ്യത്തിലേക്ക്. വയനാട് തുരങ്കപാത, മലയോര ഹൈവേ, ദേശീയ ജലപാത നവീകരണം എന്നിവയടക്കമുള്ള വിവിധ പദ്ധതികളാണ് അടുത്തത്. ദീർഘകാലമായി കാത്തിരുന്ന 44 പദ്ധതികൾക്ക് 6,943.37 കോടിയുടെ കിഫ്ബി അനുമതി ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി (കേരള ഇൻഫ്രക്സ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡ് ) യുടെ ബോർഡ് യോഗത്തിലാണ് 6,943. 37 കോടിയുടെ പുതിയ 44 പദ്ധതികൾക്ക് ധനാനുമതി നൽകിയത്. ഇതോടെ 70,762 കോടി രൂപയുടെ 962 പദ്ധതികൾക്ക് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4,397.88 കോടി രൂപയുടെ 28 പദ്ധതി, ജലവിഭവ വകുപ്പിന് കീഴിൽ 273.52 കോടിയുടെ നാല് പദ്ധതി, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ 392.14 കോടിയുടെ ഏഴ് പദ്ധതി, വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്ന് പദ്ധതികളിലായി 915.84 കോടിയുടെ പദ്ധതിക്കും കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് ) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിക്കും ആയുഷ് വകുപ്പിനു കീഴിൽ ഐആർഐഎയുടെ രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി റോഡുകൾ, പാലങ്ങൾ, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ 50,762.05 കോടി രൂപയുടെ 955 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും 20,000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഏഴ് പദ്ധതികൾക്കും ധനാനുമതി നൽകിയിട്ടുണ്ട്.
ഇതുവരെ17,052.89 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും 4,428.94 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ കിഫ്ബിക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, അഡീഷണൽ സിഇഒ സത്യജിത് രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന പദ്ധതികൾ
ആനക്കാംപൊയിൽ — കല്ലാടി– മേപ്പാടി ടണൽ റോഡ് നിർമ്മാണം – 2134.50 കോടി
വെസ്റ്റ്കോസ്റ്റ് കനാൽ വിപുലീകരണം (മാഹി — വളപട്ടണം സ്ട്രെച്ച്, കോവളം — ആക്കുളം സ്ട്രെച്ച്, നീലേശ്വരം — ബേക്കൽ സ്ട്രെച്ച് എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനായി) — 915.84 കോടി
ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി — 850 കോടി
ആലുവ – മൂന്നാർ റോഡ് നവീകരണം – സ്ഥലമേറ്റെടുപ്പിനായി 653.06 കോടി
കിഴക്കേക്കോട്ട — മണക്കാട് (അട്ടക്കുളങ്ങര) ഫ്‌ളൈഓവർ സ്ഥലമേറ്റെടുക്കൽ ‑95.28 കോടി
തിരുവനന്തപുരം പേരൂർക്കട ഫ്ളൈഓവർ നിർമ്മാണം (മുൻപ് അനുമതി നൽകിയ സ്ഥലമേറ്റെടുപ്പ് തുകയായ 43.29 കോടി രൂപയ്ക്ക് പുറമേ)- 50.67 കോടി
മലയോര ഹൈവേ, ചെറങ്ങനാൽ — നേരിയമംഗലം സ്‌ട്രെച്ച് നവീകരണം — 65.57 കോടി
ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളായ ഒറ്റമശേരി, കാട്ടൂർ — പൊള്ളത്തായി, കക്കാഴം, നെല്ലാണിക്കൽ എന്നിവിടങ്ങളിലെ പുലിമുട്ട് നിർമാണത്തിനും തീരദേശ സംരക്ഷണത്തിനുമായി 78.34 കോടി
കാസർകോട് ഗവ.മെഡിക്കൽ കോളജ് വികസനം — 31.70 കോടി
കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം — 30.35 കോടി
റാന്നി താലൂക്ക് ആശുപത്രി വികസനം — 15.60 കോടി
english summary; 6943. 37 crore new projects worth with kifbi
you may also like this video;