Site iconSite icon Janayugom Online

മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് എച്ച്എല്‍എല്ലിന്റെ തിങ്കള്‍ പദ്ധതി വിതരണം ചെയ്തത് 7.5 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍

ആരോഗ്യ, പരിസ്ഥിതി, സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് എച്ച്എല്‍എല്ലിന്റെ ‘തിങ്കള്‍’ പദ്ധതി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും ആര്‍ത്തവ കപ്പുകളുടെ വിതരണത്തിനുമായി എച്ച്എല്‍എല്‍ ആവിഷ്കരിച്ച നവീനവും നൂതനവുമായ പദ്ധതിയാണ് ‘തിങ്കള്‍’. ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 7.5 ലക്ഷം വനിതകള്‍ ‘തിങ്കള്‍’ പദ്ധതിയുടെ ഭാഗമായി.

കേരളത്തിനു പുറമെ ഝാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലും പദ്ധതി നടപ്പിലാക്കി വരുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിങ്കള്‍ പദ്ധതിയുടെ നിര്‍വഹണ ചുമതല എച്ച്എല്‍എല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്മെന്റ് അക്കാദമിയ്ക്കാണ്.
2018ല്‍ പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിന്‍ നിര്‍മ്മാര്‍ജന പ്രതിസന്ധിക്ക് പരിഹാരമായാണ് എച്ച്എല്‍എല്‍ ‘തിങ്കള്‍’ പദ്ധതിക്ക് രൂപം നല്‍കിയത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉള്‍ഗ്രാമങ്ങളിലെയും വനിതകളെ ഉള്‍ക്കൊള്ളിക്കുന്ന സമഗ്രമായ പദ്ധതിയാണിത്. പദ്ധതിയിലൂടെ എറണാകുളത്തെ കുമ്പളങ്ങി, തിരുവനന്തപുരത്തെ കള്ളിക്കാട് എന്നിവയെ നാപ്കിന്‍ രഹിത പഞ്ചായത്തുകളാക്കി മാറ്റി. 

കേരളത്തില്‍ മാത്രം ഏകദേശം നാല് ലക്ഷം ഉപഭോക്താക്കള്‍ക്ക് മെന്‍സ്ട്രല്‍ കപ്പിന്റെ പ്രയോജനം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എയര്‍ഇന്ത്യ, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ടാറ്റാ എലക്സി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളും എച്ച്എല്‍എല്ലിന്റെ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. സാമൂഹിക രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് തിങ്കള്‍ പദ്ധതിക്ക് സ്കോച്ച് അവാര്‍ഡും അടുത്തിടെ ലഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ‘വെല്‍വെറ്റ്’ എന്ന ബ്രാന്‍ഡിലും വിദേശ വിപണിയില്‍ ‘കൂള്‍ കപ്പ്’ എന്ന ബ്രാന്‍ഡിലുമാണ് എച്ച്എല്‍എല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു വരുന്നത്. 

Exit mobile version