കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിലെയും സ്ത്രീയവകാശ സമരങ്ങളിലെയും ശ്രദ്ധേയമായൊരു അധ്യായമാണ് മണിമലർക്കാവിലെ മാറ് മറയ്ക്കൽ സമരം. തൃശൂർ ജില്ലയില്‍ വേലൂരിലെ മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് അശ്വതി, ഭരണി, കാർത്തിക നാളുകളിൽ നടക്കുന്ന ഒരു നാട്ടുത്സവമാണ് കുതിരവേല. 18 ദേശങ്ങളിൽ നിന്ന് എഴുന്നള്ളിച്ച കുതിരകളെ ക്ഷേത്ര മൈതാനത്ത് അണിനിരത്തുന്നു. മരത്തിലും മുളയിലും പ്രത്യേകം നിർമ്മിച്ച കുതിരകളെ വ്യത്യസ്ത അവർണ സമുദായങ്ങളിലെ ആയിരക്കണക്കിനാളുകൾ താളമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്ര വളപ്പിൽ എത്തിക്കുന്നത്.
അശ്വതി നാളിൽ വേലൂർ ദേശക്കുതിരയുടെ തല കൊളുത്തുന്നതോടെ കുതിരവേല ആരംഭിക്കും. അശ്വതി, ഭരണി നാളുകളിൽ ദേശക്കുതിരകളുടെ വരവും കാർത്തിക നാളിൽ കൂട്ടിയെഴുന്നള്ളിപ്പുമായാണ് ആഘോഷം നടക്കുക. പിന്നീടാണ് സവർണ സ്ത്രീകളുടെ അരിത്താലം ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ വേലയ്ക്ക് അരിത്താലമെടുക്കുന്ന സവർണ സ്ത്രീകൾക്കു് മാറ് മറയ്ക്കാനുള്ള അവകാശത്തെ പാരമ്പരാഗതമായി ബ്രാഹ്മണിക്കൽ ഹൈന്ദവ മതാചാരം നിഷേധിച്ചിരുന്നു. നൂറ്റാണ്ടുകളായി ഈ സവർണ ദുരാചാരം അവിടെ നിലനിന്നിരുന്നു. തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം കഴിഞ്ഞ് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും വേലൂരിലെ ഭഗവതി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. 20-ാം നൂറ്റാണ്ടി ന്റെ ആദ്യപകുതി വരെ ഈ ‘സനാതന’ ഹൈന്ദവ ധർമ്മം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.
18നും 22നും മധ്യേ പ്രായമുള്ള സവർണ കുടുംബങ്ങളിലെ പെൺകുട്ടികൾക്കു മാത്രമാണ് താലമെടുക്കാനുള്ള അവകാശമുണ്ടായിരുന്നത്. അധഃസ്ഥിത സമുദായങ്ങളിലുള്ളവര്‍ക്ക് ചുറ്റമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അരിപ്പറയ്ക്ക് വിളക്ക് തെളിഞ്ഞാൽ സവർണ മാടമ്പിമാരും സ്ത്രീലമ്പടന്മാരും വടിയും ചുഴറ്റി, താലമെടുക്കുന്നവരുടെ ഒപ്പം നടക്കുക പതിവാണ്. സ്ത്രീകളുടെ നഗ്നമുലകൾ കണ്ടാസ്വദിച്ചാണ് അവർ നടക്കുക. സ്ത്രീകളുടെ മാറിടം കാണുന്നതിനു വേണ്ടി വിവിധ പ്രദേശങ്ങളിൽ നിന്ന് വന്നിരുന്ന ഞരമ്പുരോഗികൾ ആൽത്തറകളിലും മറ്റും തിങ്ങിനിൽക്കുമായിരുന്നു. പ്രാകൃതവും മനുഷ്യത്വ വിരുദ്ധവും അശ്ലീലവുമായ ഈ മാറിട നഗ്നതയായിരുന്നു മണിമലർക്കാവ് വേലയുടെ പ്രധാനസവിശേഷത. 1956 വരെ ഈ സവർണ ജാത്യാചാരം ചോദ്യം ചെയ്യപ്പെടാതെ തുടർന്നു.
മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ ‘സനാതന ധർമ്മ’ത്തിനെതിരെ സമരം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വേലൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം തീരുമാനമെടുത്തു. സ്വാതന്ത്ര്യാനന്തര കേരളീയ സമൂഹത്തിൽ മതവിശ്വാസത്തിന്റെ മറവിൽ ബ്രാഹ്മണിക്കൽ പൗരോഹിത്യത്തിന്റെ ദുഷിച്ചു നാറിയ ആചാരങ്ങളും മനുസ്മൃതി നിയമങ്ങളും അടിച്ചേല്പിക്കുന്നതിനെതിരായി, സ്ത്രീകളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി വ്യതിരിക്തമായൊരു സമരമായിരുന്നു പാർട്ടി ആസൂത്രണം ചെയ്തത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങൾ സവർണാധികാര ആചാരത്തിനെതിരെ സമരരംഗത്തിറങ്ങി. പാർട്ടി പ്രവർത്തകർ വേലൂർ പ്രദേശത്തെ സ്ത്രീകളോട് മാറുമറച്ച് താലമെടുക്കുവാൻ ആവശ്യപ്പെട്ടു. കാലങ്ങളായി നിലനിന്നുപോന്നിരുന്ന സനാതന മതാചാരത്തിന്റെ ലംഘനം തന്നെയായിരുന്നു ആ തീരുമാനം. സവർണ സ്ത്രീകൾക്കൊപ്പം ഈഴവ, ദളിത് സ്ത്രീകൾക്കും താലമെടുക്കാനുള്ള അവകാശമുണ്ടായിരിക്കണം എന്നതായിരുന്നു സമരക്കാരുടെ മറ്റാെരു പ്രധാന ആവശ്യം. സമരനേതാക്കൾ ആ പ്രദേശത്തെ ഓരോ വീടുകളിലും രഹസ്യമായി കയറിയിറങ്ങി സ്ത്രീകൾക്ക് സമരാവേശവും ആത്മധൈര്യവും പകർന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി.
1955ലെ ചരിത്രപ്രസിദ്ധമായ വാഴാനി കനാൽ സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ തന്നെയാണ് ഈ സമരത്തിലും സജീവമായി പോരാടിയത്. വാഴാനി ജലസേചന പദ്ധതിയുടെ ഭാഗമായി വേലൂരിൽ രണ്ട് കിലോമീറ്റർ നീളമുള്ള ബണ്ട് നിർമ്മാണത്തോടനുബന്ധിച്ച് കൂലിക്കൂടുതലിനും ജോലി സമയം എട്ട് മണിക്കൂറാക്കുന്നതിനും നാടുവാഴിത്തത്തിന്റെ കടുത്ത ചൂഷണത്തിനുമെതിരെ 250ൽ പരം തൊഴിലാളികൾ ഒരു മാസക്കാലത്തോളം നടത്തിയ ശക്തമായ ബഹുജനസമരമായിരുന്നു വാഴാനി കനാൽ സമരം.
എ എസ് എൻ നമ്പീശൻ, എ എൽ ഫ്രാൻസിസ്, കുട്ടിക്കാട്ടു ലോന, സി പി ജോസ്, കെ എസ് ശങ്കരൻ, എ എം ഷണ്മുഖൻ, എം എം രാഘവൻ, കെ പി അരവിന്ദാക്ഷൻ തുടങ്ങിയവരായിരുന്നു സമര നേതൃത്വത്തിലുണ്ടായിരുന്നത്. ഈ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 60ലേറെ സ്ത്രീകൾ വടക്കാഞ്ചേരി ജയിലിൽ തടവുശിക്ഷ അനുഭവിച്ചിരുന്നു. ആ സമരവീര്യവും പാർട്ടിക്കൂറും അനുഭവസമ്പത്തുമുള്ളവരാണ് മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിനിറങ്ങിയത്.
1956ലെ കുംഭഭരണി വേലയ്ക്ക് ഇരുപത്തഞ്ചോളം അവർണ സ്ത്രീകൾ ചുവന്ന ബ്ലൗസും ചുവന്ന കരയുള്ള മുണ്ടും ധരിച്ച് താലമെടുക്കാൻ തയ്യാറായി. വേളത്ത് ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിൽ, കെ സി കാളിക്കുട്ടി, അത്താണിക്കൽ ലക്ഷ്മി, നെല്ലിക്കൽ ജാനകി, കെ കെ കുറുമ്പ, ഞാലിൽ അമ്മു, അത്താണിക്കൽ ജാനകി, വേളത്ത് ലക്ഷ്മി അമ്മ, വെള്ളറോട്ടിൽ മീനാക്ഷി, കരിക്കില വളപ്പിൽ അമ്മിണി, കാഞ്ഞിരപ്പറമ്പിൽ നീലി, കുറുമാലി കമലം, കാളി തുടങ്ങിയ സ്ത്രീ പോരാളികൾ രംഗത്തിറങ്ങി. കമ്മ്യൂണിസ്റ്റ് സമരനായകരുടെ സാന്നിധ്യവും സഹായവും സമരക്കാർക്കുണ്ടായിരുന്നു.
സംഘർഷം നിറഞ്ഞ അന്തരീക്ഷം. എ പി അറുമുഖൻ എന്ന ധീരനായ സഖാവിന്റെ കീഴിൽ കുറച്ചു ചെറുപ്പക്കാർ താലമെടുക്കുന്നവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അരിത്താലത്തിന്റെ സമയത്ത് മാറിടം നഗ്നമായി പ്രദർശിപ്പിച്ച് താലമെടുത്തു നിൽക്കുന്ന സവര്‍ണ യുവതികള്‍ക്കിടയിലൂടെ ചുവന്ന ബ്ലൗസും ചുവന്ന കരയുള്ള മുണ്ടും ധരിച്ച് താലവുമായി സമരക്കാരായ അവര്‍ണ വനിതകള്‍ അമ്പലത്തിനകത്തേക്ക് ഇടിച്ചു കയറി. ബ്ലൗസിടാതെ താലം പിടിച്ചു നിന്നിരുന്ന സവർണ പെൺകുട്ടികൾ ഭയന്നുവിറച്ച് ഓടിപ്പോയി. സവർണ പ്രമാണിമാർക്ക് അത് സഹിക്കാൻ കഴിയുമായിരുന്നില്ല.
സനാതന ഹിന്ദുധർമ്മക്കാരുടെ ഗുണ്ടകളും മാടമ്പിമാരും മാറുമറച്ച് താലമെടുത്തവരുടെ നേരെ തിരിഞ്ഞു. സമര പോരാളികൾ തികഞ്ഞ ആത്മസംയമനം പാലിച്ചതുകൊണ്ട് വലിയൊരു സംഘട്ടനം ഒഴിവാകുകയായിരുന്നു. സവർണ ജാതി ഹിന്ദുക്കളും നായർപ്രമാണിമാരും ഉറഞ്ഞുതുള്ളിയെങ്കിലും സമരക്കാരെ തടയാനായില്ല. പൊലീസ് ജാതിഹിന്ദുക്കൾക്കും സവർണ പ്രമാണിമാർക്കും അനുകൂലമായ നിലപാടാണ് എടുത്തതെങ്കിലും വലിയ സംഘട്ടനം കൂടാതെ സമരം അവസാനിച്ചു. സ്ത്രീകളായ സമര പോരാളികളുടെ നിശ്ചയദാർഢ്യത്തിനും സമര വീര്യത്തിനും മുമ്പിൽ സവർണ ഹിന്ദു പ്രമാണിമാർക്ക് അടിയറവ് പറയേണ്ടി വന്നു.
ഉത്സവം അലങ്കോലമായെങ്കിലും പിറ്റേവർഷം മുതൽ ഈഴവർ, പുലയർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും പെട്ട സ്ത്രീകൾക്ക് മാറ് മറച്ച് താലമെടുക്കാനുള്ള അവകാശം ലഭിച്ചു. എങ്കിലും ആ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ അരിത്താലമെടുത്തു തുടങ്ങിയത് വളരെ അടുത്താണ്. ‘സനാതന ഹൈന്ദവ’ ധർമ്മവും ജാതി നിയമങ്ങളും നൂറ്റാണ്ടുകളായി നിലനിർത്തിപ്പോന്ന ദുഷിച്ച സാമൂഹ്യാചാരത്തിനേറ്റ കനത്ത പ്രഹരമായിരുന്നു മണിമലർക്കാവിലെ മാറ് മറയ്ക്കൽ സമരം.

