Site iconSite icon Janayugom Online

മഹാരാഷ്ടയില്‍ സാമൂഹിക ക്ഷേമത്തിനുള്ള 7000 കോടി വകമാറ്റി

മഹാരാഷ്ടയില്‍ ബിജെപി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പദ്ധതിയുടെ പേരില്‍ മഹായുതി സര്‍ക്കാരില്‍ പടലപ്പിണക്കം രൂക്ഷമായി. അജിത് പവാറിന്റെ നിയന്ത്രണത്തിലുള്ള ധനവകുപ്പ് അനുമതിയില്ലാതെ സാമൂഹികനീതി വകുപ്പില്‍ നിന്ന് 7,000 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി മന്ത്രി സഞ്ജയ് ഷിൻസാത്ത് ആരോപിച്ചു. ഏക്‌നാഥ് ഷിൻഡെ വിഭാഗം ശിവസേന നേതാവും സാമൂഹികനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഷിൻസാത്ത്. തന്റെ അറിവോട് കൂടിയല്ല ഫണ്ട് വകമാറ്റിയതെന്നും മന്ത്രി ആരോപിച്ചു. സാമൂഹികനീതി വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ വകുപ്പ് അടച്ചുപൂട്ടണമെന്നും സഞ്ജയ് ഷിൻസാത്ത് പറഞ്ഞു.

നേരത്തെ സാമൂഹ്യനീതി വകുപ്പിന് അനുവദിച്ച 3,960 കോടി രൂപയിൽ 414.30 കോടി രൂപ സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിച്ചതായി പ്രതിപക്ഷ നേതാവ് അംബാദാസ് ദാൻവെ ആരോപിച്ചിരുന്നു. ഇതുകൂടാതെ ലഡ്കി ബഹിൻ വനിതാ ക്ഷേമ പദ്ധതി പ്രകാരം പ്രതിമാസ പണ കൈമാറ്റത്തിനായി ആദിവാസി വികസന വകുപ്പിൽ നിന്ന് 335.70 കോടി രൂപ വകമാറ്റിയതായും ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) നേതാവ് അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി തുടരാൻ പണമില്ലാത്ത അവസ്ഥയിലാണ് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മഹായുതി സർക്കാരെന്നാണ് സൂചന. ലഡ്കി ബഹിൻ പദ്ധതി പ്രകാരം 21നും 65 നുമിടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള വനിതകള്‍ക്ക് പ്രതിമാസം 1,500 രൂപ ബാങ്ക് മുഖേന ലഭിക്കും. 

തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് മാസത്തെ തുക വിതരണം ചെയ്തിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയാൽ തുക 2,100 രൂപ ആയി വർധിപ്പിക്കുമെന്നും ബിജെപി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കി. എന്നാൽ കടുത്ത സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിൽ തുക വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം മഹായുതി സർക്കാരിന് നീട്ടിവയ്ക്കേണ്ടതായി വന്നു. നിലവിലുള്ള 1,500 രൂപ പോലും തുടരാൻ സാധിക്കുന്നില്ല. പിന്നാക്ക, ആദിവാസി സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടുകൾ ഉപയോഗപ്പെടുത്തേണ്ടിയും വന്നിരിക്കുകയാണന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം, പദ്ധതിയുടെ 2025 ഏപ്രിൽ മാസത്തെ ഗഡു ഇതുവരെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടുമില്ല. 

Exit mobile version