Site iconSite icon Janayugom Online

7014 കോടി ചെലവഴിച്ചില്ല: പിഎം കെയേഴ്സ് ഫണ്ട് സ്വകാര്യസ്വത്താക്കി

പ്രധാനമന്ത്രിയുടെ പ്രത്യേക കോവിഡ് ദുരിതാശ്വാസ ഫണ്ടായ പിഎം കെയേഴ്സിലൂടെ ശേഖരിച്ച 10,990 കോടി രൂപയിൽ ചെലവഴിച്ചത് വെറും 36 ശതമാനം മാത്രം. 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെ ലഭിച്ച തുകയിൽ 7,014 കോടി വിനിയോഗിച്ചില്ലെന്നും എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിനായി 2020 മാർച്ചിലാണ് കേന്ദ്ര സർക്കാർ പിഎം കെയേഴ്സ് രൂപീകരിച്ചത്. എന്നാൽ 10,990 കോടി സമാഹരിച്ചിട്ടും 3,976 കോടി മാത്രമാണ് ഫണ്ടിൽ നിന്നും കേന്ദ്ര സർക്കാർ ചെലവഴിച്ചിരിക്കുന്നത്.
6.6 കോടി കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ക്കായി 1,392 കോടിയും 50,000 മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്ററുകൾക്കായി 1,311 കോടിയുമാണ് ചെലവഴിച്ചത്. 1000 കോടി രൂപ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മാറ്റിവച്ചുവെങ്കിലും കോവിഡിനെ തുടർന്ന് തീരാദുരിതത്തിലായ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ വാർത്തയാണ് ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നത്. 162 ഓക്സിജൻ പ്ലാന്റുകൾക്കു വേണ്ടിയാണ് 201.58 കോടി ചെലവഴിച്ചത്.
ബിഹാറിലെ മുസഫർപുരിലും പട്നയിലും കോവിഡ് ആശുപത്രികളും വിവിധ സംസ്ഥാനങ്ങളിൽ ആർടിപിസിആർ പരിശോധനയ്ക്കുള്ള ലാബുകളും സജ്ജീകരിക്കുന്നതിന് 50 കോടിയും ചെലവഴിച്ചു.

ഉപയോഗശൂന്യമായ വെന്റിലേറ്ററുകള്‍

 

പിഎം കെയേഴ്സിലൂടെ ലഭ്യമാക്കിയ ഭൂരിപക്ഷം വെന്റിലേറ്ററുകളും ഉപയോഗ ശൂന്യമായിരുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ 100 വെന്റിലേറ്ററുകൾ ട്രയൽ റണ്ണിൽ തന്നെ പരാജയപ്പെട്ടിരുന്നു. പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയവർ ഇല്ലാത്തതിനാൽ മധ്യ പ്രദേശിലെയും ഛത്തീസ്ഗഢിലെയും വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.

ആദ്യം മുതല്‍ സംശയനിഴലില്‍

 

പ്രഖ്യാപിച്ചതു മുതൽ പിഎം കെയേഴ്സ് സംശയനിഴലിലായിരുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന് നിരവധി തവണ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഫണ്ടിനെക്കുറിച്ച് വിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകളെല്ലാം തന്നെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന് കാട്ടി തള്ളുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: 7014 crore not spent: PM Cares Fund privatized

You may like this video also

Exit mobile version