Site icon Janayugom Online

വിദേശീയരെ സുഡാന്‍ കടത്താന്‍ 72 മണിക്കൂര്‍ താല്ക്കാലിക വെടിനിര്‍ത്തല്‍

വിദേശ പൗരന്മാരെ നാട്ടിലെത്തിക്കാൻ സുഡാനില്‍ വീണ്ടും വെടിനിർത്തൽ. സൗദി അറേബ്യയും അമേരിക്കയും നടത്തിയ സമവായ ചർച്ചകൾക്കൊടുവിലാണ് 72 മണിക്കൂർ വെടിനിര്‍ത്തലിന് തീരുമാനം. അറബ്, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളാണ് പൗരന്മാരെ തിരികെയെത്തിക്കുന്ന ദൗത്യങ്ങള്‍ ഇതിനകം ആരംഭിച്ചത്. ഈ കൂട്ടത്തില്‍ ഇന്ത്യക്കാരെയും ഈ രാജ്യങ്ങള്‍ സംരക്ഷിക്കുന്നത് ആശ്വാസം പകരുന്നു.

യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ സുഡാന്‍ പ്രേതനഗരമായി മാറി. സുഡാനിലെ മിലിട്ടറിയും പാരാമിലിട്ടറിയും തമ്മിലാണ് യുദ്ധം തുടരുന്നത്. വിദേശ പൗരന്മാരെ നാട്ടിലെത്തിക്കാനായി തൽക്കാലം യുദ്ധം നിർത്തിവയ്ക്കമെന്നാണ് ധാരണ. ആദ്യം പ്രഖ്യാപിക്കപ്പെട്ട മൂന്നു വെടിനിർത്തൽ കരാറുകൾ പരാജയപ്പെട്ടെങ്കിലും പിന്നീടുണ്ടായ മൂന്ന് ദിവസത്തെ ഈദ് പെരുന്നാള്‍ ആഘോഷം നടക്കുന്നതിനാല്‍ ഭാഗിക വെടിനിർത്തൽ ഉണ്ടായി.

പുതിയതായി ധാരണയിലെത്തിയ 72 മണിക്കൂർ വെടിനിർത്തൽ കൂടുതൽ അറബ്, ഏഷ്യൻ, യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ സുഡാൻ സംഘർഷം ചർച്ച ചെയ്യാൻ ഇന്ന് യുഎൻ രക്ഷാസമിതി യോഗം ചേരുന്നുണ്ട്.

വിവിധ രാജ്യങ്ങൾ ദുരന്ത പ്രതികരണ സംവിധാനങ്ങൾ വഴി അതത് നാടുകളിലെ ജനങ്ങളെ സംരക്ഷിക്കുന്ന യത്നത്തിലാണ്. കലാപം പത്ത് ദിവസം പിന്നിട്ടുവെങ്കിലും ഇന്ത്യ ദൗത്യത്തിന്റെ ഒരു ഘട്ടത്തിലേക്കും പ്രവേശിച്ചിട്ടില്ല. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ‘ഓപ്പറേഷൻ കാവേരി’ പുരോഗമിക്കുന്നുണ്ടെന്നുള്ള പ്രഖ്യാപനം മാത്രമാണ് ഇപ്പോഴും ഉള്ളത്. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിദ്ദയിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഇന്ത്യക്കാരെ സംരക്ഷിച്ച് എത്തിച്ചിട്ടുള്ളത്. അതേസമയം സുഡാന്‍ തുറമുഖത്തില്‍ ആയിരത്തിനടുത്ത് ഇന്ത്യക്കാര്‍ മറുകര തേടാനുള്ള കാത്തിരിപ്പ് തുടരുകയാണ്.

Eng­lish Sam­mury: sudan con­flict: 72-hour tem­po­rary cease­fire to smug­gle foreigners

Exit mobile version