Site iconSite icon Janayugom Online

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കാനുള്ളത് 7257 കോടി

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ (എംജിഎൻആർഇജിഎ) കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് നല്കാനുള്ള കുടിശ്ശിക 7,257.54 കോടി രൂപ. കൂലിയിനത്തിൽ 4,720. 22 കോടിയും മെറ്റീരിയൽ ഘടകങ്ങളുടെ വിലയായി 2,537.32 കോടിയുമാണ് നല്കാനുള്ളത്. ഏറ്റവും കൂടുതൽ തുക നല്കാനുള്ളത് പശ്ചിമ ബംഗാളിനാണ്; 2,620. 87 കോടി രൂപ. 1,067.83 കോടി കുടിശ്ശികയുള്ള ബിഹാറും 447.87 കോടി രൂപയുമായി ഉത്തർപ്രദേശും പട്ടികയിൽ തൊട്ടുപിന്നിലുണ്ട്. അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, ലഡാക്ക്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്രം വേതനം നല്കാനുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾ വികസിപ്പിച്ച പ്രോജക്ടുകളിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഘടകങ്ങളുടെ വിലയായി 34 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായാണ് 2,537.32 കോടി രൂപ കുടിശ്ശിക. ഗ്രാമപ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങളിലെയും പ്രായപൂർത്തിയായ ഒരു അംഗത്തിനെങ്കിലും 100 ദിവസം അവിദഗ്ധമായ ജോലി ഉറപ്പ് നൽകുന്നതാണ് പദ്ധതി. സംസ്ഥാനങ്ങൾ പ്രസക്തമായ രേഖകൾ സമർപ്പിക്കുന്നതിന് വിധേയമായി രണ്ടു തവണയായാണ് ഫണ്ട് അനുവദിക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ പദ്ധതിയുടെ വേതനം പുതുക്കി നിശ്ചയിച്ചിരുന്നു.

കേന്ദ്രഭരണപ്രദേശങ്ങളിൽ അഞ്ച് ശതമാനത്തിൽ താഴെയും 10 സംസ്ഥാനങ്ങളിൽ അഞ്ച് ശതമാനത്തിൽ കൂടുതലും വർധനവാണ് വരുത്തിയത്. പുതിയ നിരക്കനുസരിച്ച് കേരളത്തിലെ തൊഴിലാളികൾക്ക് 20 രൂപയാണ് വർധിക്കുക. സംസ്ഥാനത്ത് 291 രൂപയായിരുന്ന കൂലി 311 ആയാണ് ഉയർന്നത്. ഏറ്റവും കൂടുതൽ വർധനവ് ഗോവയിലാണ്. 21 രൂപയാണ് ഇവിടെ കൂട്ടിയത്. 7.14 ശതമാനമാണ് വർധന.

ഏറ്റവും കുറവ് വർധനവ് മേഘാലയയിലാണ്; 1.77 ശതമാനം. ഇവിടെ 226 രൂപയായിരുന്നത് 230 രൂപയായി. കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ് അഞ്ച് ശതമാനത്തിൽ കൂടുതൽ വേതന വർധന ലഭിച്ചിരിക്കുന്നത്. ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ജമ്മു കശ്മീർ, ലക്ഷ്വദ്വീപ്, കർണാടക, ഗോവ എന്നിവിടങ്ങളിലാണിത്. മണിപ്പൂർ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ വേതനത്തിൽ മാറ്റമില്ല. കർണാടകയിൽ പുതുക്കിയ നിരക്ക് പ്രകാരം 209 രൂപയും തമിഴ്‌നാട്ടിൽ 281 രൂപയും ലഭിക്കും. ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്; 331 രൂപ. ഏറ്റവും കുറവ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും; 204 രൂപ.

നഗരങ്ങളില്‍ നടപ്പാക്കാന്‍ ശുപാര്‍ശ

തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യത്തെ അസമത്വം കുറയ്ക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വർധിപ്പിക്കണമെന്നും കൗൺസിൽ ശുപാർശ ചെയ്തിരുന്നു. നിലവിൽ വരുമാന വർധനവ് ഒരു വിഭാഗത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമനഗര മേഖലകളിൽ തൊഴിലാളി പങ്കാളിത്തത്തിലും അസമത്വം പ്രകടമാണ്.

ഈ പശ്ചാത്തലത്തിലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ, നഗരങ്ങളിലെ തൊഴിൽ രഹിതർക്കായി തൊഴിലുറപ്പ്പദ്ധതി നടപ്പാക്കണം എന്ന് കൗൺസിൽ ശുപാർശ ചെയ്തത്. കുറഞ്ഞ വരുമാനം വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ചെയർമാർ ബിബേക് ദബ്രോയി നല്കിയ റിപ്പോർട്ട് സാർവത്രിക അടിസ്ഥാന വരുമാനം നടപ്പിലാക്കണമെന്നും ശുപാർശ ചെയ്യുന്നു.

Eng­lish summary;7257 crores to be giv­en by the cen­ter to the states

You may also like this video;

Exit mobile version