രാജ്യത്തെ 74.1 ശതമാനം ജനങ്ങള്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനിയാകുന്നു. രൂക്ഷമായ വിലക്കയറ്റം കാരണം ഭൂരിപക്ഷം ജനങ്ങള്‍ക്കും മികച്ച ഭക്ഷണമെന്ന ആവശ്യം നിറവേറ്റാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഒര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രിഷ്യന്‍ ഇന്‍ ദി വേള്‍ഡ് 2023 റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നത്.
ബ്രിക്സ് അംഗരാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യഭക്ഷണം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വര്‍ധിച്ച ജനപ്പെരുപ്പം, വരുമാനത്തിലെ കുറവ് എന്നിവയാണ് പ്രധാന തടസമായി നിലനില്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിലക്കയറ്റത്തിന്റെ ഫലമായി അവശ്യവസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നത് ജനങ്ങളുടെ ഭക്ഷണശീലത്തെ പ്രതികൂലമായി ബാധിച്ചു. മുംബൈയില്‍ ഉച്ചഭക്ഷണത്തിന് 65 ശതമാനം വില വര്‍ധിച്ചപ്പോള്‍ ശമ്പളം, ദിവസവേതനം എന്നിവ 28 മുതല്‍ 37 ശതമാനം വരെ മാത്രമാണ് വര്‍ധിച്ചത്.
വ്യക്തികളുടെ വാങ്ങല്‍ശേഷിയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി ‑പിപിപി ) അടിസ്ഥാനത്തിലുള്ള ആരോഗ്യ ഭക്ഷണത്തിന് ഇന്ത്യക്കാര്‍ പ്രതിദിനം 3.066 പിപിപിയാണ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക തീരെ അപര്യാപ്തമാണ്. രാജ്യത്ത് വര്‍ധിക്കുന്ന ജനസംഖ്യയും ആരോഗ്യ ഭക്ഷണം ലഭിക്കുന്നതിന് വിലങ്ങ് തടിയാകുന്നുണ്ട്.
2019 മുതല്‍ 21 വരെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ തോത് ഏഷ്യയില്‍ മാത്രം ഒമ്പത് ശതമാനം വര്‍ധിച്ചു. ഇതേകാലയളവില്‍ ഇന്ത്യയിലും ആഫ്രിക്കയിലും ജനങ്ങള്‍ ഭക്ഷണത്തിന്റെ അപര്യാപ്തത അനുഭവിച്ചു. വിലക്കയറ്റം ദിനംപ്രതി കുതിച്ചുകയറുന്നതും ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായും ഇത് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം എല്ലാ രംഗത്തും അനിവാര്യമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
English Summary: 74.1 percent of people in the country do not have access to healthy food
You may also like this video