ഇന്ത്യയിലെ 77 ശതമാനം കുട്ടികള്‍ക്കും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സമീകൃതാഹാരം ലഭിക്കുന്നില്ലെന്ന് പഠനം. ആറ് മുതല്‍ 23 മാസം വരെയുള്ള കുട്ടികള്‍ക്ക് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ പോഷകമൂല്യമുള്ള ആഹാരം ലഭിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മധ്യമേഖലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഭക്ഷണത്തിന്റെ അപര്യാപ്തത നേരിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ‍്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മിനിമം ഭക്ഷണം പോലും ലഭിക്കാത്തത്. ഇത് ഏകദേശം 80 ശതമാനത്തോളം കുട്ടികളെ ബാധിച്ചിട്ടുണ്ട്. സിക്കിം, മേഘാലയ എന്നിവിടങ്ങളില്‍ 50 ശതമാനത്തിന് താഴെയാണ് അത്യാവശ്യമുള്ള ആഹാരം ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുലപ്പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍, പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടെ അഞ്ചോ അതിലധികമോ ഭക്ഷണങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് വൈവിധ്യമാര്‍ന്ന ഭക്ഷണമായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
2019–21ലെ ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം. രാജ്യത്ത് ഭക്ഷണ വൈവിധ്യ പരാജയ വ്യാപനം ഉയര്‍ന്നതോതില്‍ (75 ശതമാനത്തിന് മുകളില്‍) തുടരുന്നതായി നാഷണല്‍ മെഡിക്കല്‍ ജേണല്‍ ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നത്.
2005-06 മുതലുള്ള ഡാറ്റയും 2019–21ലെ ഡാറ്റയും താരതമ്യം ചെയ്ത് പ്രോട്ടീന്‍, വിറ്റാമിന്‍ പോലുള്ള വിവിധ ആഹാര രീതികളിലുള്ള കുട്ടികളുടെ ശീലങ്ങളും പഠനവിധേയമാക്കി. മുട്ടയുടെ ഉപയോഗം ദേശീയ കുടുംബാരോഗ്യ സര്‍വേ മൂന്നിലെ അഞ്ച് ശതമാനത്തില്‍ നിന്ന് അഞ്ചാമത്തെ സര്‍വേയില്‍ എത്തുമ്പോള്‍ 17 ശതമാനമായി വര്‍ധിച്ചു. 2005-06 കാലഘട്ടത്തില്‍ പയര്‍, പരിപ്പ് എന്നിവയുടെ ഉപയോഗം 14 ശതമാനം ആയിരുന്നു. 2019–21ല്‍ അത് 17 ആയി കൂടി.
ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നിരക്ഷരരും ഗ്രാമവാസികളുമായ അമ്മമാരുടെ മക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ മറികടക്കാന്‍ മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, ഐസിഡിഎസ് പരിപാടി, സമൂഹമാധ്യമങ്ങളുടെ ഉപയോഗം, തദ്ദേശ സ്ഥാപനങ്ങളിലൂടെ പോഷകാഹാര കൗണ്‍സിലിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.
രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയിലും ലോകത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 23.4 കോടി പേര്‍ അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യ യുഎന്‍ഡിപിയുടെ ബഹുമുഖ ദാരിദ്ര്യസൂചികയില്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു.