സംസ്ഥാനത്തും റിപ്പബ്ലിക് ദിനത്തിൽ വിപുലമായ ആഘോഷം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം, ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും.
തുടർന്ന് ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പൃഷ്ടി നടത്തും. പരേഡിന് ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും നടക്കും. രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ എൻ ഷംസീർ ദേശീയ പതാക ഉയർത്തും.
ദേശീയതലത്തിൽ ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. വ്യോമ, കര, നാവിക സേനാ വിഭാഗങ്ങളുടെ പരേഡ് കർത്തവ്യപഥിൽ നടക്കും. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

