Site icon Janayugom Online

കോളറ വ്യാപനം; ഒഡിഷയില്‍ എട്ട് മരണം

ഒഡീഷയിലെ രായഗഡ ജില്ലയിലെ കാശിപൂർ ബ്ലോക്കിൽ കോളറ ബാധിച്ച് എട്ട് മരണം. നിരവധി പേർക്ക് ജലജന്യ രോഗം ബാധിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കാശിപ്പൂരിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ 104 പേര്‍ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ദുഡുകബഹൽ പഞ്ചായത്തിൽ 65 പേർക്കും ടിക്കിരി പഞ്ചായത്തിൽ 48 പേർക്കുമാണ് ജലജന്യരോഗം ബാധിച്ചത്.

കാശിപൂർ ബ്ലോക്കിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. കാശിപൂരിലെ രണ്ട് ഗ്രാമങ്ങളിലായി താൽക്കാലിക മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

രോഗികളെ തിരിച്ചറിയുന്നതിനും രോഗബാധിത ഗ്രാമങ്ങളിൽ വീടുവീടാന്തരം മരുന്നുകൾ വിതരണം ചെയ്യുന്നതിനും ഗ്രാമങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ആശാ, അങ്കണവാടി പ്രവർത്തകരെ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്.

Eng­lish summary;8 dead, many infect­ed amid Cholera out­break in Odisha

You may also like this video;

Exit mobile version