Site icon Janayugom Online

80 ശതമാനം ജനങ്ങള്‍ കുടിക്കുന്നത് വിഷജലം

രാജ്യത്തെ 80 ശതമാനത്തിലേറെ ജനങ്ങള്‍ കുടിക്കുന്നത് വിഷാംശം കലര്‍ന്ന വെള്ളം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മാരക രോഗങ്ങളുമുണ്ടാക്കുന്ന വിഷലോഹങ്ങള്‍ കലര്‍ന്ന വെള്ളമാണ് മുക്കാല്‍പങ്ക് ജനങ്ങളും കുടിക്കാനുപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് വിഷജലം കൂടുതല്‍ ഉപയോഗിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ജലശക്തി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 80 ശതമാനത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസ് ഭൂഗര്‍ഭജലമാണ്. ഭൂഗർഭജലത്തിലെ അപകടകരമായ ലോഹങ്ങളുടെ അളവ് നിശ്ചിത നിലവാരത്തേക്കാൾ കൂടുതലാണെങ്കിൽ അത് വിഷമയമായി മാറും. കേന്ദ്രസര്‍ക്കാര്‍ രേഖകളനുസരിച്ച് രാജ്യത്തെ 671 മേഖലകളില്‍ ഫ്ലൂറൈഡും 814ല്‍ ആഴ്‍സെനിക്കും 14,079ല്‍ ഇരുമ്പും 9,930ല്‍ ലവണാംശവും 517ല്‍ നൈട്രേറ്റും 111 മേഖലകളില്‍ ഘനലോഹവും കൂടുതലാണ്.

ജനസംഖ്യയുടെ മുക്കാല്‍ഭാഗത്തോളമുള്ളത് ഗ്രാമങ്ങളിലാണ്. ഇവിടുത്തെ പ്രധാന കുടിവെള്ള സ്രോതസുകൾ ഹാൻഡ് പമ്പുകൾ, കിണറുകൾ, നദികൾ, കുളങ്ങൾ എന്നിവയാണ്. ഗ്രാമങ്ങളിൽ സാധാരണയായി വെള്ളം ശുദ്ധീകരിക്കാൻ മാർഗങ്ങളും കുറവാണ്. അതിനാൽ ഗ്രാമവാസികള്‍ നഗരവാസികളെക്കാള്‍ വിഷജലം കുടിക്കാൻ നിർബന്ധിതരാകുന്നു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം ജില്ലകളിലും ഭൂഗർഭജലത്തിൽ വിഷലോഹങ്ങൾ അധികമാണ്. ജലത്തിൽ ആഴ്‍സെനിക്, ഇരുമ്പ്, ഈയം, കാഡ്മിയം, ക്രോമിയം, യുറേനിയം എന്നിവയുടെ അളവ് നിശ്ചിതയളവില്‍ കവിയുന്നത് ആരോഗ്യത്തെ നേരിട്ട് ബാധിക്കും.

25 സംസ്ഥാനങ്ങളിലെ 209 ജില്ലകളില്‍ ഭൂഗർഭജലത്തിൽ ആഴ്‍സെനിക്കിന്റെ അളവ് ലിറ്ററിന് 0.01 മില്ലിഗ്രാമിൽ കൂടുതലാണ്. 29 സംസ്ഥാനങ്ങളിലെ 491 ജില്ലകളില്‍ ഇരുമ്പ് ഒരു മില്ലിഗ്രാമിൽ കൂടുതലാണ്. 11 സംസ്ഥാനങ്ങളിലെ 29 ജില്ലകളില്‍ കാഡ്മിയം 0.03 മില്ലിഗ്രാമിലധികവും 16 സംസ്ഥാനങ്ങളിലെ 62 ജില്ലകളില്‍ ക്രോമിയം 0.05 മില്ലിഗ്രാമിലേറെയും 18 സംസ്ഥാനങ്ങളിലെ 152 ജില്ലകളിൽ യുറേനിയം 0.03 മില്ലിഗ്രാമിൽ കൂടുതലുമാണ്.

കയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിഷം കലര്‍ന്ന വെള്ളമാണ് കുടിക്കുന്നതെന്നറിഞ്ഞിട്ടും പതിവ് നിസംഗതയിലാണ് കേന്ദ്രസര്‍ക്കാര്‍. വെള്ളം സംസ്ഥാന വിഷയമാണെന്നും ജനങ്ങൾക്ക് കുടിവെള്ളം നല്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കേന്ദ്രസർക്കാരും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന അവകാശവാദവും ഉന്നയിച്ചു.

2019 ഓഗസ്റ്റിൽ ജൽ ജീവൻ മിഷൻ ആരംഭിച്ചതായി ജൂലൈ 21ന് സർക്കാർ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിന് കീഴിൽ 2024ല്‍ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും കുടിവെള്ളം വിതരണം ചെയ്യുമെന്നാണ് കേന്ദ്രം പറയുന്നത്. രാജ്യത്തെ 19.15 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 9.81 കോടിയിലും പൈപ്പ് വെള്ളം എത്തിച്ചുവെന്നും കേന്ദ്രം അവകാശപ്പെട്ടു.

ലോഹങ്ങളും രോഗസാധ്യതയും

ആഴ്‍സെനിക്: ത്വക്ക് രോഗങ്ങൾ, കാൻസര്‍
ഇരുമ്പ് : അൽഷിമേഴ്സ്, പാർക്കിൻസന്‍സ്
ഈയം : നാഡീവ്യവസ്ഥയെ ബാധിക്കും
കാഡ്മിയം : വൃക്ക രോഗങ്ങള്‍
ക്രോമിയം : ചെറുകുടലിലെ ഹൈപ്പർപ്ലാസിയ
യുറേനിയം : വൃക്കരോഗങ്ങൾ, കാൻസര്‍

Eng­lish Summary:80 per­cent of peo­ple drink con­t­a­m­i­nat­ed water
You may also like this video

Exit mobile version