ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 80-ാം വാർഷികാഘോഷം ജൂലൈ ആദ്യം കൊളംബോയിൽ നടന്നു. മഹാരാഗമയിലെ യൂത്ത് സർവീസ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ പങ്കെടുത്തിരുന്നു. സിപിഐയെ പ്രതിനിധീകരിച്ച ഈ ലേഖകനും ദേശീയ എക്സിക്യൂട്ടീവ് അംഗമായ ടി എം മൂർത്തിയുമാണ് പങ്കെടുത്തത്. ജി രാമകൃഷ്ണൻ‑സിപിഐ(എം), റീത്താ രാമകൃഷ്ണൻ ‑നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (യുണെെറ്റഡ് സോഷ്യലിസ്റ്റ്), മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ ‑കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്), പ്രദീപ് കുമാർ ക്യാവാലി-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് തുടങ്ങിയവരാണ് വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ പ്രതിനിധീകരിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് രമൻ ഷഹീൻ, സാക്കാത്ത് സബറിന എന്നിവരും പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ, ബഹുജന സംഘടനാ പ്രവർത്തകർ, ഇടതു ബുദ്ധിജീവികൾ, ഡോക്ടർമാർ, അക്കാദമിക് വിദഗ്ധർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നായി 2500ലധികം പേർ ശ്രീലങ്കയിൽ നിന്ന് ആഘോഷത്തിനെത്തി.
ഇതുകൂടി വായിക്കൂ: പാകിസ്ഥാൻ ശ്രീലങ്കയാകുമോ!
രണ്ട് ദശകത്തോളം പാർട്ടി ജനറൽ സെക്രട്ടറിയും ചെയർമാനും നിരവധി വർഷം മന്ത്രിയുമായിരുന്ന ഡിഇഡബ്ല്യു ഗുണശേഖരയാണ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി കടന്നുവന്ന വഴികളെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. മടറായി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീലങ്കൻ പാർലമെന്റിൽ അംഗമായ വീര സുമന വീരസിംഘെ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഡോ. ജി വീരസിംഘം മുഖ്യ പ്രഭാഷണം നടത്തി. രണ്ട് വർഷം മുമ്പായിരുന്നു ഡോ. ജി വീരസിംഘം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തത്. ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ ഡോ. എസ് എ വിക്രമ സിംഘെ ഇന്ത്യയിലും അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രതിമ കൊളംബോയിൽ സ്ഥാപിച്ചിട്ടുണ്ട്. 80-ാം വാർഷികമാഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിന്റെ സാമ്പത്തിക നയത്തിന് ബദൽ അവതരിപ്പിക്കുകയുണ്ടായി എന്ന് ജി വീരസിംഘം പറഞ്ഞു. കരട് രൂപം തയ്യാറാക്കി ആശയങ്ങൾ പങ്കുവയ്ക്കുവാൻ സാധിക്കുന്ന വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്താണ് ബദൽ നയത്തിന് രൂപം നല്‍കിയത്. പ്രസ്തുത രേഖ സമ്മേളനത്തിന്റെ രണ്ടാം ദിവസം വിശദമായി ചർച്ച ചെയ്തു. അന്തിമരൂപം തയ്യാറാക്കിയ ശേഷം രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അവരുടെ കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തിയാണ് ബദൽനയം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നേതാക്കളുമായി പാർട്ടി ആസ്ഥാനത്ത് ചർച്ചകൾ നടത്തുകയും പരസ്പരം ആശയങ്ങൾ കൈമാറുകയും ചെയ്തു. ദക്ഷിണേഷ്യൻ നേതാക്കളെ പങ്കെടുപ്പിച്ച് സിംപോസിയവും സംഘടിപ്പിച്ചു. ടി എം മൂർത്തിയാണ് സിപിഐയെ പ്രതിനിധീകരിച്ച് സിംപോസിയത്തിൽ സംസാരിച്ചത്. കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് പാർട്ടി ഇപ്പോൾ നടപ്പിലാക്കിവരുന്നത്. 80-ാം വാർഷികാഘോഷ പരിപാടിയിൽ സിംഹള, തമിഴ് ഭാഷകളിലായിരുന്നു പ്രഭാഷണങ്ങളും പ്രസംഗങ്ങളുമെങ്കിലും മറ്റു ഭാഷകളിലേക്ക് പരിഭാഷയ്ക്ക് സംവിധാനമുണ്ടായിരുന്നു.
ഇതുകൂടി വായിക്കൂ: ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം
സമ്മേളനത്തിന്റെ ഭാഗമായുള്ള ദക്ഷിണേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പങ്കെടുത്ത സിംപോസിയത്തിൽ ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ ഡിഇഡബ്ല്യു ഗുണശേഖര നടത്തിയ പ്രസംഗം ശ്രീലങ്കയുടെ വർത്തമാനവും ആഗോള സാഹചര്യങ്ങളും വിലയിരുത്തുന്നതായിരുന്നു. അതിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ: ‘ഇടത് ആശയങ്ങളോട് ആഭിമുഖ്യവും ദേശീയ വിമോചന പ്രസ്ഥാനത്തോട് താല്പര്യവുമുള്ള ലണ്ടനിൽ വിദ്യാർത്ഥികളായ ചിലരാണ് ഈ മേഖലയിലെ രാജ്യങ്ങളിലെന്നതുപോലെ ശ്രീലങ്കയിലും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. ശ്രീലങ്കയിലെ ആദ്യ ഇടതുപക്ഷ പാർട്ടി ശ്രീലങ്കൻ സമാജ് പാർട്ടി 1935ലാണ് സ്ഥാപിതമായത്. ലണ്ടനിൽ വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തിയ ഡോ. വിക്രമ സിംഘെയായിരുന്നു ഇതിന്റെ സ്ഥാപകൻ. രണ്ടാം ലോക മഹായുദ്ധകാലത്ത് രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഡോ. വിക്രമ സിംഘെ സമാജ് പാർട്ടി വിടുകയും 1943 ജൂലൈ മൂന്നിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സിലോൺ രൂപീകരിക്കുകയും ചെയ്തു. ശ്രീലങ്കയിൽ നേരിട്ട് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അന്നുമുതൽ ശ്രീലങ്കയിലെ ജനങ്ങളുടെ താല്പര്യത്തിനും ഉന്നമനത്തിനുമായി കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടം തുടരുകയാണ്. നയപരമായി, ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അനുഭവം പക്വതയുള്ളതാണെന്ന് രാഷ്ട്രീയ വിമർശകർപോലും അംഗീകരിക്കുന്നുണ്ട്. 1945 മുതൽ 47 വരെ നിരവധി സമരങ്ങൾക്ക് പാർട്ടി നേതൃത്വം നല്‍കി. എട്ട് മണിക്കൂർ ജോലി സമയം, പെൻഷൻ, അവധി, വേതനം തുടങ്ങി തൊഴിലാളികളുടെ നിരവധി അവകാശങ്ങൾ പാർട്ടി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുക്കുവാൻ സാധിച്ചു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമായെങ്കിലും മതപരവും പ്രാദേശികവും വംശീയവുമായ സംഘർഷങ്ങളിൽ നാം നിരന്തരം മുങ്ങിത്താഴുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം, വിമോചിത രാജ്യങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സ്വതന്ത്രമായപ്പോൾ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി വിയറ്റ്നാം, ലാവോസ്, കംബോഡിയ തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങൾ വലിയ പുരോഗതി നേടിയിട്ടുണ്ട്. ചെെന ലോകത്തെ രണ്ടാമത്തെ വൻ സാമ്പത്തിക ശക്തിയായി. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങളുമായുള്ള സജീവമായ ബന്ധവും അതിശയിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കയറ്റുമതിയുടെ രണ്ട് മടങ്ങാണ് ശ്രീലങ്കയുടെ ഇറക്കുമതി. ഇറക്കുമതി സാധനങ്ങൾക്ക് എങ്ങനെയാണ് അമേരിക്കൻ ഡോളറിൽ പണമടയ്ക്കുക. അതുകൊണ്ട് അവർ കൂടുതൽ കൂടുതൽ കടമെടുത്തുകൊണ്ടിരിക്കുന്നു. നിലവിലെ സാമ്പത്തിക നയം രാജ്യത്തെ പുനഃസ്ഥാപിക്കില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പറഞ്ഞിരുന്നു. എന്നാൽ ഭരണാധികാരികൾ വഴിമാറുന്നതിന് സന്നദ്ധമാകുന്നില്ല. കഴിഞ്ഞ വർഷം ഇവിടെ ഒരു കലാപം നടന്നു. അതിൽ പങ്കെടുത്തവർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഭക്ഷണവും വസ്ത്രവും എല്ലാം ലഭ്യമാക്കിയിരുന്നു.
ഇതുകൂടി വായിക്കൂ: ശ്രീലങ്കൻ പ്രതിസന്ധി; പട്ടാളവും കൃഷിയിലേക്ക്
ദശലക്ഷക്കണക്കിന് യുഎസ് ഡോളറാണ് ഇതിനായി ഒഴുകിയെത്തിയത്. ഈ ചെലവുകളെല്ലാം ആരാണ് വഹിച്ചത്? നിരവധി സന്നദ്ധ സംഘങ്ങൾ നമ്മുടെ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നുണ്ട്. അവർ എല്ലാ രംഗത്തും കടന്നുകയറുന്നു. ആളുകളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുകയും രാഷ്ട്രീയ സമരങ്ങളിൽ നിന്ന് അവരെ തടയുകയും ചെയ്യുക എന്നതാണ് ഈ സന്നദ്ധ സംഘങ്ങളുടെ മുഴുവൻസമയ ജോലി. ശ്രീലങ്കയിലും പരമ്പരാഗത സംഘടിത മേഖല കുറഞ്ഞുവരികയാണ്. അനൗപചാരിക മേഖല അതിവേഗം വളരുകയാണ്. ഇവയിൽ ജോലി ചെയ്യുന്നവർക്ക് ട്രേഡ് യൂണിയൻ അവകാശങ്ങളില്ല. അധ്വാനിക്കുന്ന ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ല. പുതിയൊരു യാഥാർത്ഥ്യത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ഇപ്പോൾ ഡിജിറ്റലാണ് ഏറ്റവും വലുത്. അതിന്റെ പേരിലുള്ള യുദ്ധങ്ങളാണ് നടക്കുന്നത്. എല്ലാവർക്കും വിവരങ്ങൾ എല്ലാവരുമായും പങ്കുവയ്ക്കാം എന്ന് സമൂഹമാധ്യമം വീമ്പിളക്കിയ കാലം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രബല ശക്തികൾ എപ്പോഴും തെറ്റായതും വികലവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. സാമ്രാജ്യത്വ രാജ്യങ്ങളുടെയും അതത് സർക്കാരുകളുടെയും നടപടികളെ ശക്തമായി എതിർക്കുന്നവരുടെയോ ആ ശക്തികളെ തുറന്നുകാട്ടാൻ ധൈര്യപ്പെടുന്നവരുടെയോ അക്കൗണ്ടുകൾ തടയപ്പെടുന്നു. അതുകൊണ്ട് നമ്മുടെ കക്ഷികൾക്കിടയിൽ പൂർണമായ വിവര കൈമാറ്റം ഉണ്ടായിരിക്കണം. സാധ്യമെങ്കിൽ, സമാനമായ ഒരു തന്ത്രം സാധ്യമാണോ എന്ന് കാണാൻ ശ്രമിക്കാം. മാർക്സിസം പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ഒരു രാജ്യത്തെ പാർട്ടിക്ക് മറ്റൊരു പാർട്ടിയെ സഹായിക്കാനാകും’. ഒരു രാഷ്ട്രീയ പാർട്ടിയുടെ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനം ആശയസംവാദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വേദിയായി മാറി. അതോടൊപ്പം ശ്രീലങ്കൻ സാംസ്കാരിക പരിപാടികളുടെ അവതരണവും ശ്രദ്ധേയമായി.