29 May 2024, Wednesday

Related news

May 2, 2024
April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024

പാകിസ്ഥാൻ ശ്രീലങ്കയാകുമോ!

ഹിബീബ് റഹ്‌മാന്‍
February 12, 2023 4:45 am

പാകിസ്ഥാൻ മറ്റൊരു ശ്രീലങ്കയായി മാറിക്കൊണ്ടിരിക്കുകയാണോ? ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിശകലനം ചെയ്യുന്ന ആർക്കും ഈ സംശയം സ്വാഭാവികമാണ്. സാമ്പത്തിക ദുഃസ്ഥിതിയിൽ നട്ടം തിരിയുന്ന പാകിസ്ഥാൻ, വാഷിങ്ടണിലെ സ്വന്തം എംബസിപോലും വില്പനയ്ക്ക് വച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജിഡിപി വളർച്ചയിലെ ഇടിവ്, ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് ആഗോള പണപ്പെരുപ്പം ഉയരുന്നത്, ഇറക്കുമതി ചെലവ് വർധിപ്പിക്കുന്ന കറൻസിയിലെ ഇടിവ്, ഫോറക്സ് കരുതൽ ശേഖരം കുറഞ്ഞത് എല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ഏറ്റവും മോശമാക്കിയത് കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കമായിരുന്നു. വലിയ കറന്റ് അക്കൗണ്ട് കമ്മി, ഉയർന്ന പൊതുകടം, ആഗോള വളർച്ചയുടെ മന്ദഗതി മൂലം പരമ്പരാഗത കയറ്റുമതി വിപണിയിൽ നിന്നുള്ള കുറഞ്ഞ ഡിമാൻഡ്, കൊറോണ മൂലമുണ്ടായ ആഗോള പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളും നേരിടുന്നതിനാൽ രാജ്യത്തെ വന്‍ സാമ്പത്തികത്തകര്‍ച്ചയുടെ അപ കടസാധ്യതയും ഉയർന്ന നിലയിലാണ്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും മുൻഗാമിയായിരുന്ന ഇമ്രാൻഖാനും തമ്മിലുള്ള രാഷ്ട്രീയ യുദ്ധങ്ങളുടെ ഒരു പ്രധാന കാരണം തന്നെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ഏതാനും വർഷങ്ങളായി പാകിസ്ഥാൻ ഉയർന്ന പണപ്പെരുപ്പത്തിലാണുള്ളത്. 2021 ഒക്ടോബറിൽ 9.19 ശതമാനം ആയിരുന്ന പണപ്പെരുപ്പ നിരക്ക് ഡിസംബറോടുകൂടി 12.3 ശതമാനമായി മാറി. 2022 ജനുവരിയിൽ 13 ശതമാനം ആയിരുന്നത് ജൂൺ മാസത്തോടെ 21.2 ശതമാനവും ഓഗസ്റ്റോടെ 27.26 എന്ന റെക്കോഡ് നിരക്കിലേക്കും വളർന്നു. ഇതോടുകൂടി ഭക്ഷ്യ വിഭവങ്ങൾ, ഗ്യാസ്, എണ്ണ എന്നിവയുടെയെല്ലാം വില ഉയർന്നു. റഷ്യ‑ഉക്രെയ്ൻ യുദ്ധം പാകിസ്ഥാനിൽ വലിയ ഊർജ പ്രതിസന്ധിയുമുണ്ടാക്കി. കുതിച്ചുയരുന്ന കടവും ഫോറക്സ് കരുതൽ ശേഖരം കുറയുന്നതും പ്രതിസന്ധിയിൽ ഏറ്റവും വലിയ വെല്ലുവിളികളാണ്. അടിയന്തര രക്ഷാപാക്കേജില്ലെങ്കിൽ വൈകാതെതന്നെ പാകിസ്ഥാന് സമ്പൂർണ തകർച്ചയെ നേരിടേണ്ടിവരും.

കഴിഞ്ഞ കുറച്ചുകാലമായി എണ്ണ ഒഴികെയുള്ള ഇറക്കുമതി സാധനങ്ങളെ ആശ്രയിക്കുന്നത് വർധിപ്പിച്ചു. അതേസമയംതന്നെ രാജ്യത്തിന്റെ കയറ്റുമതിയിൽ ഇടിവ് വരികയും ചെയ്തു. പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് 2022 ഡിസംബറിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 2.8 ബില്യൺ ഡോളറായിരുന്നു. കയറ്റുമതി 16 ശതമാനം ഇടിഞ്ഞ് 2.3 ബില്യൺ ഡോളറായതായിരുന്നു കാരണം. 2022ൽ യുഎസ് ഡോളറിനെ അപേക്ഷിച്ച് പാകിസ്ഥാൻ രൂപയ്ക്ക് ഏകദേശം 30 ശതമാനം ഇടിവ് കൂടി വന്നതോടെ സാമ്പത്തിക പ്രതിസന്ധി വർധിച്ചു. നിലവിൽ ഏഷ്യയിലെ തന്നെ ഏറ്റവും താഴ്ന്ന മൂല്യമുള്ള കറൻസിയാണ് പാകിസ്ഥാൻ രൂപ. കറൻസിയുടെ മൂല്യമിടിഞ്ഞതോടെ ഇറക്കുമതി ചെലവ് വർധിച്ചത് സ്വാഭാവികമായും വിദേശ കരുതൽ ശേഖരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 2022 ഡിസംബറിൽ പാകിസ്ഥാന്റെ ഫോറക്സ് കരുതൽ ആറ് ബില്യൺ ഡോളറിൽ താഴെയായി. എട്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായിരുന്നു ഇത്. നിലവിലെ കണക്കുകളനുസരിച്ച് ഒന്നോ രണ്ടോ മാസത്തേക്ക് മാത്രം എണ്ണ ഇറക്കുമതി ചെയ്യുവാനുള്ള കരുതൽ വിദേശ കറൻസി മാത്രമേ രാജ്യത്തിന്റെ കയ്യിലുള്ളൂ. അതിനാൽത്തന്നെ കടുത്ത ഊർജ പ്രതിസന്ധി കൂടി രാജ്യം നേരിടുന്നുണ്ട്. ഈ പ്രശ്നം മൂലമാണ് മാളുകളും മാർക്കറ്റുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം രാത്രി 8.30 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തരം നടപടികളിലൂടെ 228 ദശലക്ഷം ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ധവാജ് ആസിഫിന്റെ കണ്ടെത്തൽ.


ഇതുകൂടി വായിക്കൂ: സഹകരണ ജീവനക്കാരുടെ അവകാശങ്ങള്‍ 


വർധിച്ച കടക്കെണിയും ആ രാജ്യത്തെ ഞെരുക്കുന്നു. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജൂണിന് മുമ്പായി ഏതാണ്ട് 30 ബില്യൺ ഡോളറിന്റെ വിദേശ കടം തീർക്കേണ്ടതായിട്ടുണ്ട്. ലോക ബാങ്ക് കണക്കുകളനുസരിച്ചുള്ള പാകിസ്ഥാന്റെ രണ്ട് ശതമാനം ജിഡിപി വളർച്ചകൊണ്ട് ഒരിക്കലും ഇത്രയും വലിയൊരു കടം തിരിച്ചടയ്ക്കാൻ കഴിയില്ല. 23 ശതമാനം വരെ ഉയരുന്ന പണപ്പെരുപ്പം രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഘാതം കൂടുതൽ വർധിപ്പിക്കുന്നു. ഇതോടൊപ്പം വർധിച്ച തൊഴിലില്ലായ്മയും നേരിടുന്നു. ഏതാനും സീറ്റുകളുള്ള ഒഴിവിലേക്ക് പോലും പതിനായിരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളായി എത്തുന്നത്. പണലഭ്യതാ പ്രതിസന്ധിയെ തുടർന്ന് ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകുന്നത് പാകിസ്ഥാൻ സെൻട്രൽ ബാങ്ക് താൽക്കാലികമായി നിർത്തുന്ന അവസ്ഥവരെയുണ്ടായി. പ്രധിരോധ ഉപകരണങ്ങളുടെ ഇറക്കുമതിക്കുപോലും നിയന്ത്രണമേർപ്പെടുത്തേണ്ടി വന്നിരിക്കുകയാണിപ്പോൾ. പാകിസ്ഥാൻ ബാങ്കിൽ നിന്നുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് സ്ഥിരീകരിക്കുവാൻ വിദേശ ബാങ്കുകള്‍ എട്ട് ശതമാനം പ്രീമിയം ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറെ നാളുകൾക്ക് മുമ്പുതന്നെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാനും ശ്രീലങ്കയിൽ സംഭവിച്ചതുപോലുള്ള ദുരന്തം തടയുവാനും രാജ്യത്തെ അഭിഭാഷക ഫോറങ്ങളും മറ്റ് ഏജൻസികളും പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയോടൊപ്പംതന്നെ രാഷ്ട്രീയ അശാന്തിയും വായ്പാദാതാക്കളിൽനിന്നും സൗഹൃദരാജ്യങ്ങളിൽ നിന്നുമുള്ള അവഗണനയും പാകിസ്ഥാന്റെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിലവിൽ വിദേശ കടങ്ങൾ തിരിച്ചടയ്ക്കുവാനും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി നികത്തുവാനുമായി 26 ബില്യൺ ഡോളറിലധികം സമാഹരിക്കേണ്ടതുണ്ട്. പാകിസ്ഥാനുമായി അടുത്ത സൗഹൃദം പുലർത്തുന്ന ചൈന, സൗദി പോലുള്ള രാജ്യങ്ങളാകട്ടെ സാമ്പത്തിക സഹായം നൽകുവാനുള്ള സന്നദ്ധത പോലും പ്രകടിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.

രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്ഥാൻ എല്ലാക്കാലവും നേരിടുന്ന വലിയ പ്രതിസന്ധി. ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയും ആ കസേരയിൽ കാലാവധി തികച്ചിട്ടില്ല. ഭരണാധികാരികൾ പുറത്താക്കപ്പെടുകയോ വധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ആണ് പതിവ്. ഭരണമാറ്റം കൂടിയാകുമ്പോൾ പ്രതിസന്ധികൾ തുടർന്നുകൊണ്ടേയിരിക്കും. ഒപ്പം അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരും സൈന്യത്തിന്റെ ഇടപെടലുകളും ആ രാജ്യത്തിന് എല്ലാക്കാലത്തും വലിയ വെല്ലുവിളിയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങൾ, നിക്ഷേപം ആകർഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നു. ഇതിനിടയിലാണ് കൂനിന്മേൽക്കുരുവായി മഹാപ്രളയവും രാജ്യത്തെ തകർത്തെറിഞ്ഞത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പാകിസ്ഥാന്റെ നഷ്ടം രണ്ട് ലക്ഷം കോടിയിലേറെ രൂപയാണ്. ദുരന്തബാധിത മേഖലകൾ സാധാരണ നിലയിലാകാൻ പത്തുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജൂൺ പകുതിയോടെ ആരംഭിച്ച പേമാരി ഒക്ടോബർ വരെ നീണ്ടപ്പോൾ രാജ്യത്തിന്റെ പകുതിയിലേറെയും വെള്ളത്തിനടിയിലായി 1,700ലധികം പേരാണ് പ്രളയത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ജനങ്ങൾക്കിടയിലെ ദാരിദ്ര്യം അഞ്ച് ശതമാനത്തോളം വർധിച്ചു. രണ്ടു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ കാർഷിക മേഖലയ്ക്ക് സംഭവിച്ചത് നികത്താനാകാത്ത നഷ്ടമാണ്. ഇതിന്റെയെല്ലാം ഫലംകൂടിയാണ് രൂക്ഷമായ ഭക്ഷ്യ ക്ഷാമം.


ഇതുകൂടി വായിക്കൂ: കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല 


കടം തിരിച്ചടവ് മുടങ്ങുന്നത് രാജ്യാന്തര ഏജൻസികളെയും വിദേശരാജ്യങ്ങളെയും പാകിസ്ഥാന് കടം കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. പെട്രോൾ അടക്കമുള്ള ഇന്ധനങ്ങൾക്ക് നൽകിയിരുന്ന സബ്സിഡി എടുത്തു മാറ്റിയതോടെ പെട്രോൾ വിലയിൽ വലിയ വർധനയുണ്ടായി. പണപ്പെരുപ്പവും ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നതിനൊപ്പം സർക്കാരിന്റെ കെടുകാര്യസ്ഥത കൂടിയായപ്പോൾ ആകെ തകർന്ന മട്ടിലാണ് രാജ്യം. ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കൾക്കും വില കുതിച്ചുകയറുന്നതോടെ പ്രതിസന്ധിയിൽ ആകുന്നത് രാജ്യത്തെ സാധാരണ ജനങ്ങളാണ്. വികസനത്തിന്റെ പേരിലും അമിത ലാഭക്കൊതിയുടെ പേരിലും പരിസ്ഥിതിയെ പരിഗണിക്കാതെ നടത്തിയ പ്രവർത്തനങ്ങളും കാഴ്ചപ്പാടില്ലാത്ത നയങ്ങളും പദ്ധതികളും രാഷ്ട്രീയ പാർട്ടികളുടെ സങ്കുചിതത്വങ്ങളും മത വർഗീയത വളർത്തുന്ന സമീപനങ്ങളും അമിത വിദേശ പ്രീണനങ്ങളും കരുതൽ ശേഖരം പരിഗണിക്കാതെ കിട്ടുന്നിടത്തു നിന്നൊക്കെയുള്ള കടമെടുപ്പും ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കുമെന്നതിന്റെ സമകാലിക അനുഭവ യാഥാർത്ഥ്യമാണ് പാകിസ്ഥാൻ. അയൽരാജ്യമായ ശ്രീലങ്കയുടെ തകർച്ചയിലും പാകിസ്ഥാന്റെ പ്രതിസന്ധിയിലും ബംഗ്ലാദേശിന്റെ ഉയർച്ചയിലുമൊക്കെ ഇന്ത്യക്ക് ഗുണപാഠങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.