Site icon Janayugom Online

അഞ്ചുവര്‍ഷത്തിനിടെ 813 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍

രാജ്യത്ത് അഞ്ചുവര്‍ഷത്തിനിടെ 813 ഏറ്റുമുട്ടല്‍ കൊലകളുണ്ടായെന്നും എന്നാല്‍ ഒന്നില്‍പോലും ശിക്ഷാനടപടിയുണ്ടായില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2021 ഏപ്രിലിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ 139 പേര്‍ കൊല്ലപ്പെട്ടുവെന്നും സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തിന് നല്കിയ മറുപടിയില്‍ പറയുന്നു. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സമാനമായ 169 സംഭവങ്ങളുണ്ടായി. 2017–18ല്‍ 155, 2020–21ല്‍ 82 വീതം ഏറ്റമുട്ടല്‍ കൊലപാതകങ്ങളും ഉണ്ടായി. 

പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട 107 പേരുടെ കുടുംബങ്ങള്‍ക്ക് 7,16,50,000 രൂപ നഷ്ടപരിഹാരം നല്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒരു കേസില്‍ പോലും ഏതെങ്കിലും പൊലീസുകാരനെതിരെ നിയമനടപടിയുണ്ടായില്ല. 2018ല്‍ അസമിലുണ്ടായ ഒരു സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുകയുണ്ടായി എന്നും ബിനോയ് വിശ്വത്തിനുള്ള മറുപടിയില്‍ പറഞ്ഞു.

പൊലീസോ സായുധ സേനയോ നടത്തിയ നിയമവിരുദ്ധ കൊലപാതകങ്ങളെയും സ്വയരക്ഷയ്ക്കെന്ന വ്യാജേന കുറ്റവാളികളെയോ സാധാരണക്കാരെയോ കൊലപ്പെടുത്തുന്ന സംഭവങ്ങളുമാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ വിഷയത്തില്‍ ആഗോള മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

Eng­lish Summary:813 encounter mur­ders in five years
You may also like this video

Exit mobile version