Site iconSite icon Janayugom Online

ഓണത്തിന് 842.07 കോടിയുടെ മദ്യം കുടിച്ചുതീർത്തു; ആറ് കടകളിൽ ഒരു കോടിയിലേറെ രൂപയുടെ വിൽപന

ഓണത്തിന് ഇത്തവണ കേരളത്തിൽ റെക്കോഡ് മദ്യവിൽപന. ഈ വർഷം 842.07 കോടി രൂപയുടെ മദ്യമാണ് ഓണത്തോടനുബന്ധിച്ച് കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമാണ് ഓണത്തിന് വിറ്റഴിച്ചത്. ഉത്രാടനാളിൽ മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റുതീർത്തു. കഴിഞ്ഞ വർഷം 126 കോടി രൂപയായിരുന്ന ഉത്രാട വിൽപന.

സംസ്ഥാനത്തെ ആറ് കടകളിൽ ഇന്നലെ ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റു. കൊല്ലം കരുനാഗപള്ളിയിലാണ് ഉത്രാടനാളിൽ ഏറ്റവും അധികം ആവശ്യക്കാർ എത്തിയത്. 1.46 കോടി രൂപയുടെ വില്പന. ആശ്രാമം ഔട്ട്ലെറ്റ് 1.24 കോടി രൂപയുടെയും എടപ്പാൾ കുറ്റിപ്പാല ഷോപ്പിൽ 1.11 കോടി രൂപയുടെയും മദ്യം വിൽപന നടത്തി. ചാലക്കുടി (1.07 കോടി), ഇരിഞ്ഞാലക്കുട (1.02 കോടി), കൊല്ലം ജില്ലയിലെ തന്നെ കുണ്ടറ (ഒരു കോടി) എന്നിവയാണ് ഒരുകോടി കടന്ന മദ്യവിൽപനശാലകൾ.

ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ച പാദത്തിൽ സെപ്തംബർ നാല് വരെ 8962.97 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ പാദവർഷത്തിലെ വില്പന 8267.74 കോടിയായിരുന്നു.

സൂപ്പർ പ്രീമിയം ഷോപ്പുകളിലും റെക്കോർഡ് വില്പന നടത്തി. ഇത്തവണ 67 ലക്ഷം രൂപയുടെ പ്രീമിയം ഇനങ്ങളാണ് വിറ്റഴിച്ചത്.

Exit mobile version