Site iconSite icon Janayugom Online

രാജ്യത്ത് പ്രതിദിനം 86 ബലാത്സംഗ കേസുകള്‍ ; 82 കൊലപാതകങ്ങള്‍

r aper ape

രാജ്യത്ത് പ്രതിദിനം രജിസ്റ്റര്‍ ചെയ്യുന്നത് ശരാശരി 86 ബലാത്സംഗ കേസുകള്‍. 2021ല്‍ ഇന്ത്യയില്‍ 31,677 ബലാത്സംഗ കേസുകളാണ് രാജ്യത്തുണ്ടായത്. ഓരോ മണിക്കൂറിലും സ്ത്രീകള്‍ക്കെതിരെ 49 കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും എന്‍സിആര്‍ബി (ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ)റിപ്പോര്‍ട്ട് പറയുന്നു.
2021ല്‍ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്. 2020നെ അപേക്ഷിച്ച്‌ കേസുകളില്‍ 19 ശതമാനത്തിലധികം വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷം മാത്രം 6,337 കേസുകളാണ് രാജസ്ഥാനിലുണ്ടായത്. തൊട്ടുപിന്നിലുള്ള മധ്യപ്രദേശില്‍ 2,947 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 82 കൊലപാതകങ്ങളും മണിക്കൂറില്‍ 11 തട്ടികൊണ്ടുപോകലുകളുമുണ്ടായെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ഒരു ലക്ഷം ജനസംഖ്യയില്‍ കൊലപാതക നിരക്ക് ഏറ്റവും കൂടുതല്‍ ഝാര്‍ഖണ്ഡിലാണ്. മോചനദ്രവ്യം ആവശ്യപ്പെട്ടും അല്ലാതെയുമുള്ള തട്ടിക്കൊണ്ടുപോകല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണെന്ന് ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 2021 എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 29,272 കൊലപാതക കേസുകളില്‍ 30,132 പേരാണ് ഇരകളായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 29,193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
1,01,707 തട്ടിക്കൊണ്ടു പോകല്‍ കേസുകളാണ് 2021ല്‍ രജിസ്റ്റര്‍ ചെയ്തത്. 1,04,149 പേരാണ് ഇരകളായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19.9 ശതമാനം വര്‍ധന. കഴിഞ്ഞവര്‍ഷം 84,805 കേസുകളായിരുന്നു. കാണാതായ ഒരു ലക്ഷത്തോളം പേരെ കണ്ടെത്തുകയും ചെയ്തിരുന്നു.
ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍, ഉത്തര്‍പ്രദേശ് (3717 കേസുകള്‍, 3825 ആളുകള്‍), ബിഹാര്‍ (2799,2826), മഹാരാഷ്ട്ര (2330,2381), മധ്യപ്രദേശ് (2034,2075) പശ്ചിമബംഗാള്‍ (1884 കേസുകള്‍, 1919 ആളുകള്‍) എന്നിങ്ങനെയാണ്. ഡല്‍ഹിയില്‍ 459 സംഭവങ്ങളിലായി 478 പേര്‍ കൊല്ലപ്പെട്ടു. തര്‍ക്കമാണ് ഏറ്റവും കൂടുതല്‍ കൊലപാതകത്തിന് കാരണമായത്. വാഗ്വാദങ്ങളെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 9765 കേസുകളാണുള്ളത്. വ്യക്തി വൈരാഗ്യം, ശത്രുത (3782 കേസുകള്‍) എന്നിവയാണ് രണ്ടാമത്തെ കാരണം. 

Eng­lish Sum­ma­ry: 86 cas­es of rape every day in the coun­try; 82 murders

You may like this video also

Exit mobile version