Site iconSite icon Janayugom Online

കരുതൽ ഡോസിൽ കണ്ണടച്ച് 87.8 ശതമാനം പേർ

booster dosebooster dose

കോവിഡ് പ്രതിസന്ധികാലം പിന്നിട്ടതിന് പിന്നാലെ വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ വിമുഖതയുമായി കേരള സമൂഹം. കോവിഡിനോടുള്ള ഭയവും ആശങ്കയും ഇല്ലാതായതിനെ തുടർന്നുള്ള പ്രതികരണമായാണ് ഇക്കാര്യത്തെ കാണുന്നതെങ്കിലും കരുതൽ ഡോസ് എല്ലാവരും സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാം വാക്സിൻ സ്വീകരിച്ച ശേഷമുള്ള കരുതൽ ഡോസ് സ്വീകരിക്കാനായി സംസ്ഥാനത്ത് ഇനിയും ശേഷിക്കുന്നത് 87.8 ശതമാനം പേരാണ്. ദേശീയ തലത്തിൽ ഇത് 76.13 ശതമാനമാണ്.

രണ്ടാം ഡോസ് സ്വീകരിച്ച 2.53 കോടി ആളുകളിൽ 30. 85 ലക്ഷം പേർ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ഒന്നാം ഡോസ് സ്വീകരിക്കുന്നതിൽ വാക്സിനേഷൻ സെന്ററുകളിൽ ഉണ്ടായിരുന്ന തിരക്കും സ്ലോട്ട് ബുക്കിങ്ങും ഇപ്പോൾ പേരിന് മാത്രമായി മാറിയിട്ടുണ്ട്. കോവിഡിലുണ്ടായിരുന്ന ആശങ്കയും ഭയവും വാക്സിൻ ക്ഷാമത്തിനും സെന്ററുകളിലെ തിരക്കിനും കാരണമായിരുന്നു. എന്നാൽ അവ മാറിയതോടെ കോവിഡ് എന്നത് സാധാരണ ഒരു രോഗം എന്നതിനപ്പുറമായി ആരും കാണുന്നില്ല. വാക്സിനേഷനിൽ രണ്ടാം ഡോസ് എടുത്തവരിൽ 13.31 ശതമാനത്തിന്റെ കുറവ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്താകെ ഒന്നാം ഡോസ് സ്വീകരിച്ച 2,91,50, 551 പേരിൽ 2,52,71,062 പേർ മാത്രമാണ് രണ്ടാമത്തെത് എടുത്തത്. ദേശീയ കുടുംബാരോഗ്യ മന്ത്രാലയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കരുതൽ ഡോസ് സ്വീകരിക്കാനുള്ളത് മലപ്പുറത്തും (93.01 ശതമാനം), ഏറ്റവും കുറവ് പത്തനംതിട്ട (81.31) ജില്ലയിലുമാണ്. 

പാർശ്വഫലത്തില്‍ ആശങ്ക

കൂടുതൽ പാർശ്വഫലമുണ്ടാകുമെന്നും ആരോഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുമുള്ള വ്യാപകമായ പ്രചാരണവും കരുതൽ ഡോസ് കൂടി സ്വീകരിക്കുന്നതിൽ നിന്ന് ആളുകൾ പിന്തിരിയാൻ കാരണമായി. ആദ്യ രണ്ട് ഡോസുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ സ്വീകരിച്ചിരുന്ന രീതിയിലും മാറ്റമുണ്ടായതോടെ വാക്സിനേഷനിൽ ആളുകൾക്കുള്ള ഗൗരവസമീപനവും മാറിക്കഴിഞ്ഞു. 2022 ജനുവരിയിലാണ് സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമാണ് നൽകിയതെങ്കിലും ഇവരിലും ഭൂരിഭാഗം പേരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ലെന്നാണ് ലഭ്യമായ കണക്കുകൾ.

Eng­lish Sum­ma­ry: 87.8 per­cent peo­ple against reserve dose

You may also like this video

Exit mobile version