Site iconSite icon Janayugom Online

വനിതാ ഡോക്ടറുടെ 87 ലക്ഷം തട്ടിയത് കംബോഡിയൻ സംഘം

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ വനിതാ ഡോക്ടറുടെ 87.23 ലക്ഷം രൂപ തട്ടിയെടുത്തത് കംബോഡിയിൽ നിന്നുള്ള സംഘമാണെന്ന് പൊലീസ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എടിഎം വഴി പണം പിൻവലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്ത ശേഷം അടുത്തിടെ നാട്ടിലെത്തിയ ഉള്ളൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ ഓഹരി ഇടപാടിലൂടെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തട്ടിപ്പുസംഘം ഡോക്ടറെ വലയിലാക്കിയത്. ഓരോ പ്രാവശ്യവും വ്യത്യസ്ത അക്കൗണ്ടിലേക്കാണ് പണം നൽകിയത്. 

പതിവായി ഓൺലൈൻ ട്രേഡിങ് നടത്തുന്ന ഡോക്ടർക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒരു മാസം മുമ്പാണ് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. ഇതിനായി സെറോദ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 25, 26 തീയതികളിലായി 4.50 ലക്ഷം നൽകി. പിന്നാലെ ലാഭവിഹിതമായി ഒരുലക്ഷമെത്തി. തുടർന്ന് ഈ മാസം 19 വരെയുള്ള തീയതികളിൽ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് വനിതാ ഡോക്ടർ പണമയച്ചു. ഓരോതവണ പണമയയ്ക്കുമ്പോഴും വ്യാജ ആപ്പിന്റെ വാലറ്റിൽ ലാഭവിഹിതം കാണിക്കുന്നുണ്ടായിരുന്നു. 

പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണമടച്ചാലേ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി. ലാഭവിഹിതത്തിൽ നിന്നും ഈടാക്കാൻ പറഞ്ഞപ്പോൾ നടക്കാതെയായതോടെയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. 

Exit mobile version