Site icon Janayugom Online

ഒരുമാസം 88 ലക്ഷം ഡോസ്; സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രണ്ട് ദിവസം 5 ലക്ഷം പേര്‍ക്കും (ആഗസ്റ്റ് 13, 14) 6 ദിവസം 4 ലക്ഷം പേര്‍ക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേര്‍ക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേര്‍ക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേര്‍ക്കും (1, 4, 5, 20, 28) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ മാസത്തില്‍ അവധി ദിനങ്ങള്‍ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ്. ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചിരുന്നു. 58,99,580 ഡോസ് കോവീഷീല്‍ഡും 11,36,360 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ 70,35,940 ഡോസ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചത്. ഇതുകൂടാതെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് വാങ്ങി കെ.എം.എസ്.സി.എല്‍. മുഖേന 2.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ.എം.എസ്.സി.എല്‍. മുഖേന 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനം വാങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈ മാസം 9നാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് വാക്‌സിന്‍ യജ്ഞം സംഘടിപ്പിച്ചത്. ഘട്ടം ഘട്ടമായിട്ടായിരുന്നു വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കിയത്. എല്ലാ 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് യജ്ഞത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി. അധ്യാപകര്‍, അനുബന്ധ രോഗമുള്ളവര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കി വരുന്നു. അധ്യാപകരുടെ വാക്‌സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുന്നതാണ്. സെപ്റ്റംബര്‍ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ്.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,41,111 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,90,51,913 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,12,55,618 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 77,96,295 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 60.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 74.06 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 27.16 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 91 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 46 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry;  88 lakh dose per month; Vac­ci­na­tion cam­paign in the state is a great suc­cess veena george lat­est updation

you may also like this video;

Exit mobile version