Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാര്‍ മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്നത് 9.64 ലക്ഷം തസ്തികകള്‍

കേന്ദ്ര സര്‍ക്കാറിനു കിഴില്‍ തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. വിവിധ വകുപ്പുകളില്‍ 9.64 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴില്‍ നിരക്കാണിത്.
നിലവില്‍ 30.13 ലക്ഷം പേരാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി ഉള്ളത്. 39.77 ലക്ഷം തസ്തികകള്‍ക്കാണ് അനുമതിയുള്ളത്. ധനമന്ത്രാലയത്തിന്റെ ‘ആനുവല്‍ റിപ്പോര്‍ട്ട് ഓണ്‍ പേ ആന്റ് അലവൻസ്’ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്. 2021 മാര്‍ച്ച് ഒന്നിനും 2022 മാര്‍ച്ച് ഒന്നിനുമിടയില്‍ തൊഴിലവസരങ്ങള്‍ 40.35 ലക്ഷത്തില്‍ നിന്ന് 39.77 ലക്ഷമായി കുറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കണക്കാണിത്. ഗ്രൂപ്പ് സി തസ്തികകള്‍ കുറയുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
റെയില്‍വേ, പ്രതിരോധം, ആഭ്യന്തരം, റവന്യൂ വകുപ്പുകളിലാണ് 92 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വകുപ്പുകളില്‍ പുതിയ തൊഴിലവസരങ്ങള്‍ അനുവദിക്കാത്തതും കാരണമായി കണക്കാക്കുന്നു.
ഏറ്റവും വലിയ കേന്ദ്ര തൊഴില്‍ ദാതാക്കളായ റെയില്‍വേയില്‍ 11.98 ലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. 15.07 ലക്ഷം തസ്തികകള്‍ക്ക് അനുമതിയുണ്ട്. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ബാക്കികിടക്കുന്നു.
പ്രതിരോധ മന്ത്രാലയത്തില്‍ 5.77 ലക്ഷം തൊഴിലവസരങ്ങള്‍ക്ക് അനുമതിയുണ്ട്. 3.45 ലക്ഷം തസ്തികളിലാണ് ആളുള്ളത്. 2.32 ലക്ഷം തൊഴിലവസരങ്ങള്‍ ബാക്കി. 10.90 തസ്തികകളുള്ള ആഭ്യന്തര മന്ത്രാലയത്തില്‍ 9.69 ലക്ഷം പേര്‍ ജോലി ചെയ്യുന്നു. 1.20 ലക്ഷം ഒഴിവുകള്‍ നികത്താനുണ്ട്. പോസ്റ്റല്‍ വകുപ്പില്‍ 1.64 ലക്ഷം പേര്‍ ജോലി ചെയ്യുന്നു. 2.64 ലക്ഷം ലക്ഷം തൊഴിലവസരങ്ങള്‍ക്ക് അനുമതിയുണ്ട്. റവന്യു വകുപ്പില്‍ ജീവനക്കാര്‍ 1.04 ലക്ഷവും 1.78 ലക്ഷം തസ്തികകളുമാണുള്ളത്. 74,000 ഒഴിവ് ബാക്കിയുണ്ട്.
സ്വകാര്യഏജൻസികളുടെ കടന്നുകയറ്റമാണ് തൊഴിലാളിലവസരങ്ങള്‍ കുറയാൻ മറ്റൊരു കാരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിലും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ 2023 മാര്‍ച്ചിനു ശേഷം സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണിത്.

eng­lish sum­ma­ry; 9.64 lakh posts are vacant in cen­tral gov­ern­ment sector

you may also like this video;

Exit mobile version