Site iconSite icon Janayugom Online

90 ഡിഗ്രി വളവുള്ള മേൽപാലം നിർമിച്ചു; മധ്യപ്രദേശിൽ ഏഴ് എഞ്ചിനിയർമാർക്ക് സസ്പെൻഷൻ

90 ഡിഗ്രി വളവിൽ മേൽപാലം നിർമിച്ചതിന് മധ്യപ്രദേശ് സർക്കാർ ഏഴ് പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്തു. ഭോപ്പാലിലെ ഐഷ്ബാഗ് റെയിൽവേ സ്റ്റേഷന് സമീപമാണ് 90 ഡിഗ്രി വളവിൽ മേൽപാലം നിർമിച്ചിരിക്കുന്നത്. രണ്ട് ചീഫ് എൻജിനിയർമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്. പാലം നിർമാണത്തിൽ ഉൾപ്പെട്ടിരുന്ന ആർക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയെയും ഡിസൈൻ കൺസൾട്ടന്റായ ഡൈനാമിക് കൺസൾട്ടന്റ് കമ്പനിയെയും ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാമായ് കാ ബാഗും പുഷ്പ നഗറും തമ്മിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് 18 കോടി മുടക്കി റെയില്‍വെ മേല്‍പാലം നിര്‍മിച്ചത്. മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. വിഷയം വൈകിയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻതന്നെ വേണ്ട നടപടി കൈക്കൊണ്ടുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എക്സിലൂടെ അറിയിച്ചു. 

അതേസമയം, ആവശ്യമായ സ്ഥലം ലഭിക്കാതിരുന്നതുമൂലമാണ് ഇത്തരത്തിൽ പാലം നിർമിക്കേണ്ടിവന്നതെന്നാണ് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ പറയുന്നത്. തങ്ങൾക്ക് ലഭിച്ച സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് പാലം പണിതതെന്നും, 90 ഡിഗ്രിയിൽ ഷാർപ്പായി ഒരു വളവ് നിർമിക്കുകയല്ലാതെ അവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നുവെന്നും എൻജിനിയർമാർ പറ‍ഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Exit mobile version