പശ്ചിമേഷ്യയിൽ ഇസ്രയേൽ‑അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുമ്പോഴും, അവിടെയുള്ള 90 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ കേന്ദ്ര സർക്കാരിന് നിസംഗത.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്ന് മണിക്കൂർ നീണ്ട അടിയന്തര സുരക്ഷാ സമിതി യോഗം ചേർന്നുവെങ്കിലും, അപകടമേഖലയിലുള്ളവരെ നാട്ടിലെത്തിക്കാൻ വ്യക്തമായ ഒരു പദ്ധതിയോ തീരുമാനമോ പ്രഖ്യാപിക്കാത്തത് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി മാറ്റുന്ന കാര്യത്തിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.
11 രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതോടെ 350-ഓളം വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസികൾക്ക് നാട്ടിലെത്താൻ മാർഗമില്ലാതായി. എന്നാൽ, ഈ പ്രതിസന്ധി മറികടക്കാൻ ബദൽ വിമാന സർവീസുകളോ കപ്പൽ മാർഗമോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സുരക്ഷാ സമിതി മൗനം പാലിച്ചു. പകരം, യോഗത്തിൽ സംഘർഷത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് സമയം ചെലവഴിച്ചത്.
യുഎഇയ്ക്കും ഇസ്രയേലിനും നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, അവിടുത്തെ ഭരണത്തലവന്മാരുമായി സംസാരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരായ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും കാര്യത്തിൽ വെറും ‘ആശങ്ക’ പ്രകടിപ്പിക്കുന്നതിനപ്പുറം പ്രായോഗികമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരെ സംരക്ഷിച്ചതിന് നന്ദി പറയുമ്പോഴും, വരും ദിവസങ്ങളിൽ ആക്രമണം കടുത്താൽ ഇവരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
ഉക്രെയ്ൻ യുദ്ധസമയത്ത് ‘ഓപ്പറേഷൻ ഗംഗ’ വഴി നടത്തിയതുപോലുള്ള വേഗത്തിലുള്ള നീക്കങ്ങൾ ഇവിടെ കാണാനില്ല. നയതന്ത്ര ചർച്ചകൾക്കും ഔദ്യോഗിക നിലപാടുകൾക്കുമായി സർക്കാർ കാത്തുനിൽക്കുമ്പോൾ, ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ജീവൻ ഓരോ നിമിഷവും അപകടത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഒഴിപ്പിക്കൽ നടപടികൾ തുടങ്ങണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

