Site iconSite icon Janayugom Online

അഞ്ച് മാസത്തിനിടെ റദ്ദാക്കിയത് 9,000 ട്രെയിൻ സർവീസുകൾ

റയിൽവേ ഈ വർഷം 9,000 ട്രെയിൻ സർവീസുകൾ റദ്ദാക്കിയെന്നും അതിൽ 1,900 സർവീസുകൾ കല്ക്കരി നീക്കം മൂലമാണെന്നും വിവരാവകാശ രേഖകൾ.
അറ്റകുറ്റപ്പണികൾക്കും നിർമ്മാണ ആവശ്യങ്ങൾക്കുമായി 6,995 ട്രെയിൻ സർവീസുകളും മാർച്ച് മുതൽ മേയ് വരെ കല്ക്കരി നീക്കത്തിനായി 1,934 സർവീസുകളും റദ്ദാക്കിയതായി റയിൽവേ അറിയിച്ചത്. രാജ്യത്തെ വൈദ്യുതി ക്ഷാമം മൂലം യാത്രാവണ്ടികളെക്കാൾ കല്ക്കരി റാക്കുകളുടെ നീക്കത്തിന് മുൻഗണന നൽകാൻ റയിൽവേ നിർബന്ധിതരായതായി അധികൃതർ പറഞ്ഞു. ചന്ദ്രശേഖർ ഗൗഡ് എന്നയാളുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

അടുത്ത ഏതാനും വർഷങ്ങളിൽ 1,15,000 കോടിയിലധികം രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാൽ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും വിവിധഘട്ടങ്ങളിലായി നടക്കുന്നുണ്ട്. ഇത് യാത്രാ ട്രെയിനുകളുടെ നീക്കത്തെ സാരമായി ബാധിച്ചു. ജനുവരി മുതൽ മേയ് വരെ 3,395 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. അതേ കാലയളവിൽ 3,600 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 

തിരക്കേറിയ മാസമായ മേയിൽ മാത്രം 1,148 മെയിൽ/എക്സ്പ്രസ് ട്രെയിൻ സർവീസുകളും 2,509 പാസഞ്ചർ സർവീസുകളും റദ്ദാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കല്ക്കരി നീക്കത്തെത്തുടർന്ന് ട്രെയിൻ സർവീസുകളൊന്നും റദ്ദാക്കിയില്ല. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കല്ക്കരി ശേഖരണത്തിന് മുൻഗണന നൽകി 880 മെയിൽ/എക്സ്പ്രസ് സർവീസുകളും 1,054 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 

തീവണ്ടി ക്ഷാമം, യാത്രക്കാരുടെ വർധനവ് എന്നിവ കാരണം റിസർവേഷൻ ടിക്കറ്റുകൾ നൽകാൻ റയിൽവേ പാടുപെടുകയാണ്. 2021–22 ൽ 1.60 കോടിയിലധികം യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ആയതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. തിരക്കേറിയ സീസണിൽ 13.3 ശതമാനം യാത്രക്കാർക്ക് റിസർവേഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 2016 ൽ റയിൽവേ ബജറ്റ് പൊതുബജറ്റുമായി ലയിപ്പിച്ചതിന് ശേഷം റയിൽവേ 800 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചുവെന്നും പ്രതിദിനം ശരാശരി 11,000 ട്രെയിനുകളാണ് സർവീസ് നടത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.

Eng­lish Sum­ma­ry: 9,000 train ser­vices can­celed in five months
You may also like this video

Exit mobile version