വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബി ജെപിയിലേക്ക് കൂറുമാറിയെത്തിയത് 93 എംഎല്‍എമാര്‍. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ജെഡിയുവിന്റെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ ബിജെപി 15-ാം തവണയാണ് ഇത്തരത്തില്‍ മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കുന്നത്.
2014ല്‍ നാഗാലാന്‍ഡില്‍ മൂന്ന് എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെയാണ് തുടക്കം. വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെയല്ല, 36 നിയമസഭാ സാമാജികരുടെ കൂറുമാറ്റത്തിലൂടെയാണ് അധികാരത്തിലേറിയത്. 2003ലും 2016ലും രണ്ട് തവണ ബിജെപി തെരഞ്ഞെടുപ്പിലേക്ക് കടക്കാതെ തന്നെ അരുണാചലില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
വടക്ക് കിഴക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേരും ബിജെപിയിലെത്തിയത് കോണ്‍ഗ്രസില്‍ നിന്നാണെന്നതും മറ്റൊരു അമ്പരപ്പിക്കുന്ന വസ്തുതയാണ്. 2014 മുതല്‍ ബിജെപിയില്‍ ചേര്‍ന്ന 93 എംഎല്‍എമാരില്‍ 32 പേരും മുന്‍ കോണ്‍ഗ്രസുകാരാണ്. 2019 ല്‍ അരുണാചല്‍ പ്രദേശിലെ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയിലെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരെയും അരുണാചലില്‍ ബിജെപി ചാക്കിലാക്കുന്നു. മമതാ ബാനര്‍ജിയുടെ മുന്‍ വിശ്വസ്തരായ ഒമ്പത് പേര്‍ ഇപ്പോള്‍ ബിജെപി പാളയത്തിലാണ്.
2016ല്‍, അസം ബിജെപിക്ക് മികച്ച തുടക്കം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ബിജെപിയിലെത്തി. മണിപ്പൂരിലും ഈ രീതി ആവര്‍ത്തിച്ചു. 2017 ലെ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ ശക്തനായ എന്‍ ബിരേന്‍ സിങ്ങിനെ ബിജെപി നോട്ടമിട്ടു. അന്നത്തെ മുഖ്യമന്ത്രി ഇബോബി സിങിന്റെ പ്രധാന എതിരാളി കൂടിയായിരുന്നു ബിരേന്‍ സിങ്. തെരഞ്ഞെടുപ്പിന് ശേഷം മണിപ്പൂരും ബിജെപിയുടെ കൈക്കലായി. ത്രിപുരയിലെ ഭരണനേട്ടവും മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്തുകൊണ്ടായിരുന്നു.
അതേസമയം എന്‍പിപിക്കൊപ്പം ഭരണത്തില്‍ പങ്കാളിയായ മേഘാലയയില്‍ കൊണ്‍റാഡ് സാങ്മ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനുള്ള കാര്യം ബിജെപി ആലോചിക്കുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയ സാങ്മയ്ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ച് രംഗം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.
English Summary:93 MLAs have defected in eight years by bjp plan
You may also like this video