Site iconSite icon Janayugom Online

കുടുംബശ്രീ അയൽക്കൂട്ട വനിതകളുടെ ബാങ്ക് നിക്ഷേപം 9369 കോടി

വീട്ടുമുറ്റത്തെ ബാങ്ക് എന്നറിയപ്പെടുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുളളത് 9369 കോടി രൂപയുടെ നിക്ഷേപം. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 1998 മുതൽ കുടുംബശ്രീ ആവിഷ്കരിച്ചു നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് അയൽക്കൂട്ടതലത്തിൽ സമ്പാദ്യ രൂപീകരണം. രജത ജൂബിലി പിന്നിട്ട കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് അയൽക്കൂട്ട അംഗങ്ങളുടേതായി ഇതുവരെയുള്ള ഭീമമായ നിക്ഷേപം.

ആഴ്ചതോറും എല്ലാ അംഗങ്ങളും കുറഞ്ഞത് 10 രൂപ വീതം നിക്ഷേപിക്കണം എന്ന വ്യവസ്ഥയിലായിരുന്നു പദ്ധതിയുടെ തുടക്കമെങ്കിലും ക്രമേണ അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലുമുണ്ടായ ക്രമാനുഗത പുരോഗതിയാണ് സമ്പാദ്യം ശതകോടികളിലേക്ക് കുതിക്കാൻ സഹായകമായത്. കൂടാതെ കുടുംബശ്രീ മിഷൻ 2024–25 സാമ്പത്തിക വർഷം നടത്തിയ ‘സസ്റ്റെയിനബിൾ ത്രിഫ്റ്റ് ആന്റ് ക്രെഡിറ്റ് കാമ്പയിൻ’ മുഖേന അയൽക്കൂട്ട അംഗങ്ങളുടെ ശരാശരി ആഴ്ച സമ്പാദ്യം ഗണ്യമായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യയിൽ തന്നെ ആഴ്ച സമ്പാദ്യത്തിലൂടെ ഏറ്റവും കൂടുതൽ നിക്ഷേപം കൈവരിക്കുന്ന സ്ത്രീകൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീക്ക് സ്വന്തം. സമ്പാദ്യത്തിനൊപ്പം അയൽക്കൂട്ടങ്ങളിൽ നിന്നു വായ്പയെടുക്കാനും കഴിയും. നടപടിക്രമങ്ങൾ ഇല്ലാതെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്നതാണ് അയൽക്കൂട്ട വായ്പയെ ആകർഷകമാക്കുന്നത്. ഇവിടെ നിന്നു വായ്പ ലഭ്യമാകുന്നതു വഴി വട്ടിപ്പലിശക്കാരുടെ കടക്കെണി ഒഴിവാക്കാനും സാധിക്കുന്നു. അംഗത്തിന്റെ ആവശ്യമനുസരിച്ച് നിക്ഷേപത്തിന് ആനുപാതികമായി വായ്പ എടുക്കാനും സാധിക്കും. മറ്റ് അംഗങ്ങൾ അനുമതി നൽകുന്ന പക്ഷം സ്വന്തം നിക്ഷേപ തുകയെക്കാൾ കൂടുതൽ തുക വായ്പ ലഭിക്കും. വ്യക്തിഗത വായ്പയായും പരസ്പര ജാമ്യത്തില്‍ വായ്പയെടുക്കാനും അയൽക്കൂട്ടങ്ങളിൽ അവസരമുണ്ട്. നിലവിൽ 28,723.89 കോടിരൂപ ആന്തരിക വായ്പാ ഇനത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. 

Exit mobile version