Site iconSite icon Janayugom Online

ആസിഡ് ആക്രമണത്തിൽ പതിന്നാലുകാരിക്ക് ഗുരുതര പൊള്ളലേറ്റു

ആസിഡ് ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പൊള്ളല്‍. പുൽപ്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53)നെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മഹാലക്ഷ്മി സ്കൂൾ വിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആക്രമണം നടത്തിയത്. സ്റ്റുഡന്റ് പൊലീസ് കെഡേറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. 

യൂണിഫോം നൽകാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായാണ് രാജു ജോസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തെ പരിക്ക് ഗുരുതരമായതിനാല്‍ പെൺകുട്ടിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രാത്രിയൊടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ശരീശത്തിൽ അമ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റതായി ഡോക്ടർമാര്‍ അറിയിച്ചു. മുഖത്തും മാറിലും ശരീരത്തിന്റെ പിൻഭാഗത്തും കൈകാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. തുടർചികിത്സയ്ക്ക് പ്ലാസ്റ്റിക് സർജന്റെ സേവനം ആവശ്യമുള്ളതിനാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കണ്ണ് പൂർണമായി തുറക്കാനായിട്ടില്ല. കണ്ണിനകത്ത് ആസിഡ് വീണതായാണ് പ്രാഥമിക നിഗമനം. 

Exit mobile version