Site iconSite icon Janayugom Online

മംഗളുരുവില്‍ 40 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ത്തു

churchchurch

കര്‍ണാടകയിലെ മംഗളുരുവില്‍ 40 വര്‍ഷം പഴക്കമുള്ള പള്ളി അജ്ഞാതര്‍ തകര്‍ത്തു. പഞ്ഞിമൊഗരുവിലെ ഉറുദാഡി ഗുഡ്ഡെയിലുള്ള കെട്ടിടം അങ്കണവാടിയായും പ്രവര്‍ത്തിച്ചിരുന്നു. പ്രദേശത്തുള്ളവര്‍ രൂപീകരിച്ച സെന്റ് ആന്റണി ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടം കൈകാര്യം ചെയ്തിരുന്നതെന്ന് മംഗളുരു രൂപതാ വക്താവ് റോയ് കാസ്റ്റെലിനോ പറഞ്ഞു.
കെട്ടിടം ഇരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് കമ്മിറ്റിയും വനിതാ ശിശുക്ഷേമ വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കെട്ടിടം പൊളിക്കണമെന്ന് ശിശുക്ഷേമ വകുപ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്തിമ വിധി ഉണ്ടാകും വരെ കെട്ടിടത്തിന് രൂപമാറ്റം വരുത്താനോ പൊളിക്കാനോ പാടില്ലെന്ന് ജനുവരി 28ന് മംഗളുരുവിലെ ജെഎംഎഫ്‌സി കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ അടുത്തവാദം 14ന് നടക്കാനിരിക്കെയാണ് പള്ളി അക്രമികള്‍ പൊളിച്ചത്.
ഒരുകൂട്ടം ആളുകള്‍വന്ന് പള്ളിയ്ക്ക് സമീപത്തുള്ള മരങ്ങളും മറ്റും മുറിച്ചുമാറ്റി. ഇത് ചോദ്യം ചെയ്തപ്പോള്‍ പള്ളി പൊളിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ശനിയാഴ്ച 11 മണിയോടെ പ്രദേശത്തെ ആളുകള്‍ ജോലിക്ക് പോയ സമയത്ത് അജ്ഞാത സംഘം എത്തി പള്ളി പൊളിക്കുകയായിരുന്നുവെന്നും കാസ്റ്റിലിനോ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുനാളുകളായി കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനും പ്രാര്‍ത്ഥനാലയങ്ങള്‍ക്കുമെതിരെയുള്ള ഹിന്ദുത്വ വാദികളുടെ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. അടുത്തിടെ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനത്തിന് ഒരുപാട് ഉപാധികള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമം വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ക്രിസ്ത്യന്‍ വിഭാഗങ്ങളെ വേട്ടയാടുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: A 40-year-old church was demol­ished in Mangalore

You may like this video also

Exit mobile version