മാതാപിതാക്കള്‍ക്ക് പണം നല്‍കി 14 വയസുകാരിയെ വിവാഹം ചെയ്ത 46കാരൻ അറസ്റ്റില്‍. ചിക്കബേട്ടഹള്ളി സ്വദേശി എൻ ഗുരുപ്രസാദാണ് അറസ്റ്റിലായത്. 15,000 രൂപയ്ക്ക് വേണ്ടി വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് പിടികൂടി. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇയാളെ ഉപേക്ഷിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതോടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. നഗരത്തിലെ പിജി ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയ പെണ്‍കുട്ടി സംഭവം ഹോസ്റ്റല്‍ ഉടമയോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഹോസ്റ്റല്‍ ഉടമയാണ് പൊലീസിനെ വിവരമറിയിച്ചത്.
മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി.
അതേസമയം, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബംഗളുരു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
English Summary:A 46-year-old man was arrested for marrying a 14-year-old girl
You may also like this video