Site iconSite icon Janayugom Online

ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് 70 കിലോ സ്‌ഫോടക വസ്തു; ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്‌

ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് 70 കിലോ സ്‌ഫോടക വസ്തുവെന്ന് കണ്ടെത്തൽ. ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്‌. ഫരീദാബാദ് ഭീകര സംഘമായിരുന്നു ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പിന്നിൽ. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ. മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. 

ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിന്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിൽ 15 പേരാണ് അറസ്റ്റിലായത്. കാര്‍വിറ്റ ഡീലര്‍ ഉള്‍പ്പടെ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് സാധ്യത കുറവ് എന്നാണ് രഹസ്യാന്വേഷണ ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 

സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലെന്നാണ് നി​ഗമനം. ഫരീദാബാദിൽ ഭീകര സംഘത്തെ പിടികൂടിയത്തോടെ പരിഭ്രാന്തിയിൽ ഉമർ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം. അതേസമയം, ഇത് പ്രാഥമിക വിലയിരുത്തലുകൾ ആണെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.

Exit mobile version