ബിജെപിയുടെ തണലില്‍ വ്യവസായ സാമ്രാജ്യം വിപുലമാക്കിയ അഡാനി കമ്പനികള്‍ക്ക് തിരിച്ചടി. ഗ്രൂപ്പിന്റെ കീഴിലുള്ള മുഴുവന്‍ കമ്പനികളിലെയും വിദേശ നിക്ഷേപ(എഫ്‌പിഐ)ത്തോത് കുറഞ്ഞുവരുന്നതായി ദി ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്സ് ഇക്വിറ്റി റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍.
അഡാനി പോര്‍ട്സ്, എന്റര്‍പ്രൈസസ്, പ്രത്യേക സാമ്പത്തിക മേഖല കമ്പനി, എസിസി, അംബുജ സിമന്റ്, അഡാനി വില്‍മര്‍ ലിമിറ്റഡ് എന്നിവയിലാണ് വിദേശ നിക്ഷേപം കുറഞ്ഞത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു.
അഡാനി ഗ്രൂപ്പിന്റെ കീഴിലുള്ള 10 കമ്പനികളില്‍ ഏഴിലും വിദേശനിക്ഷേപം ഇടിയുന്നതായാണ് രേഖകള്‍. അഡാനി പോര്‍ട്സിന്റെ എഫ‌്പിഐ ജൂണില്‍ 6.38 ആയിരുന്നത് സെപ്റ്റംബറില്‍ 3.16 ആയി ചുരുങ്ങി. ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അഡാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലെ എഫ്പിഐ സെപ്റ്റംബറില്‍ അവസാനിക്കുന്ന ത്രൈമാസ റിപ്പോര്‍ട്ടില്‍ 16.56 ല്‍ നിന്ന് 14.52 ആയി കുറഞ്ഞു.
സ്ഥാപന വിഭാഗത്തിലെ ഓഹരിക്കണക്കിലും കമ്പനികള്‍ക്ക് ശനിദശയാണ്. സെപ്റ്റംബര്‍ ത്രൈമാസക്കണക്കില്‍ 22.04 ല്‍ നിന്ന് 19.34 ആയി കുറഞ്ഞു. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. ഇതുവരെ മ്യൂച്ചല്‍ ഫണ്ട് ഇനത്തില്‍ 23.52 ലക്ഷം മാത്രമാണ് കമ്പനികളുടെ സമ്പാദ്യമെന്ന് ആക്സ് ഇക്വിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ കമ്പനികള്‍ രൂപീകരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വന്തം നിക്ഷേപം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന അഡാനി കമ്പനികളുടെ വെട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആയിരുന്നു. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.
ഈ വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ അഡാനി ഗ്രൂപ്പിനെ വെള്ളപൂശുന്ന ഇടക്കാല റിപ്പോര്‍ട്ടാണ് സെബി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമക്കൂട്ടായ്മയായ ഒസിസിപിആറും അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ ഫൈനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളും അഡാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കി. കല്‍ക്കരി ഇറക്കുമതിയില്‍ വില കൃത്രിമമായി ഉയര്‍ത്തി രാജ്യത്തെ കബളിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: A blow to Adani companies; Foreign investment declines
You may also like this video