Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാരിനേറ്റ അടി

ളരെ സുപ്രധാനമായ രണ്ട് തീരുമാനങ്ങള്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളുടെ ഫലമായി കൈക്കൊള്ളുന്ന സമീപനങ്ങളെ നിരാകരിക്കുന്നു എന്നതുകൊണ്ട് പ്രസ്തുത തീരുമാനങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. ഓര്‍ഡിനന്‍സുകള്‍, നിയമവിരുദ്ധ സമീപനങ്ങള്‍ എന്നിവയിലൂടെ തങ്ങളുടെ ഇംഗിതം രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവയിലൊന്നായിരുന്നു കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ആയുധങ്ങളാക്കി മാറ്റി എന്നത്. അത് അവിടെയും അവസാനിച്ചില്ല. പ്രസ്തുത ഏജന്‍സികളില്‍ തങ്ങള്‍ക്ക് അനുയോജ്യരായ മേധാവികളെ നിയോഗിക്കുന്നതിനും മറ്റൊരാളെ കിട്ടാതെ വരുമ്പോള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനും അവര്‍ മടിച്ചില്ല. കുറുക്കുവഴികളിലൂടെയാണ് കേന്ദ്രം അത് ചെയ്തുപോന്നിരുന്നതും. അസാധാരണമെന്ന് തോന്നിപ്പിക്കുന്ന ഉത്തരവുകള്‍ പോലും അവര്‍ പുറപ്പെടുവിച്ചു. അതിലൊന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറു(ഇഡി)ടെ പദവി. തങ്ങളുടെ താല്പര്യങ്ങള്‍ അതുപോലെ നടപ്പിലാക്കുന്ന സഞ്ജയ് കുമാര്‍ മിശ്രയെ 2018ലാണ് ഇഡിയുടെ മേധാവിയായി നിയമിച്ചത്. വിരമിക്കുന്നതുവരെയാണ് സാധാരണ നിലയില്‍ നിയമനം. അതനുസരിച്ച് അദ്ദേഹം 2020ല്‍ സ്ഥാനമൊഴിയണം. എന്നാല്‍ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് മുന്‍കാല പ്രാബല്യത്തോടെ അദ്ദേഹത്തെ മൂന്നുവര്‍ഷത്തേക്ക് നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. അങ്ങനെ 2021 വരെ കാലാവധി നീണ്ടു. അവിടെയും അവസാനിപ്പിക്കുന്നതിന് കേന്ദ്രം തയ്യാറായില്ല. ഒരുവര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കി.


ഇതുകൂടി വായിക്കൂ: പ്രതികാര ഏജന്‍സികള്‍ തമിഴ്‌നാട്ടിലെത്തുമ്പോള്‍


അതിനുവേണ്ടി മറ്റൊരു കുറുക്കന്‍ബുദ്ധിയാണ് പ്രയോഗിച്ചത്. സിബിഐ, ഇഡി എന്നിവയുടെ മേധാവിയായി നിയമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷ കാലാവധി നിശ്ചയിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നടപടി ചോദ്യം ചെയ്ത് ഇതിനിടയില്‍തന്നെ സുപ്രീം കോടതിയില്‍ ഹര്‍ജികളെത്തിയിരുന്നു. മൂന്നാം തവണ കാലാവധി നീട്ടിയ നടപടി ശരിവച്ചുവെങ്കിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ദുര്‍ബലമായ ന്യായങ്ങള്‍ നിരത്തി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടുമെന്ന സൂചനകളാണ് കേന്ദ്രം പരമോന്നത കോടതിക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മേയ് മാസത്തില്‍ നിശിതമായ വിമര്‍ശനം സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നു. യോഗ്യനായ മറ്റൊരാളില്ലേ എന്നുള്‍പ്പെടെ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. അന്ന് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും പിന്നെയും നിലപാട് മാറ്റാന്‍ ശ്രമിച്ചു. ഈ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച കാലാവധി നീട്ടരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ് കെ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്നും 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി നിലനില്‍ക്കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.


ഇതുകൂടി വായിക്കൂ: കേന്ദ്ര ഏജൻസികളും സുപ്രീം കോടതി നിലപാടും


സമാനമായ മറ്റൊരു നിലപാടുണ്ടായത് അനുച്ഛേദം 370 റദ്ദാക്കി, കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ പരിഗണനാ വേളയിലായിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹര്‍ജി പരിഗണിക്കുന്നതിനെ എതിര്‍ത്ത കേന്ദ്രം, പ്രത്യേക പദവി എടുത്തു മാറ്റിയതിനുശേഷം സംസ്ഥാനത്ത് സമാധാനം കൈവരിക്കാനായെന്നും പുരോഗതിയുണ്ടായെന്നും സുപ്രീം കോടതിയെ അറിയിച്ചു. അതിന് സര്‍ക്കാരിന്റെ കയ്യിലുള്ള ചില കണക്കുകളും അവതരിപ്പിച്ചു. 30 വര്‍ഷത്തെ കലാപത്തിന് ശമനമുണ്ടായി, ജനജീവിതം സാധാരണ നിലയിലായി എന്നിങ്ങനെ അവകാശപ്പെട്ട സത്യവാങ്മൂലം തീവ്രവാദികളും വിഘടനവാദികളും തെരുവുകളില്‍ നടത്തിയിരുന്ന കലാപങ്ങള്‍ പഴങ്കഥയായെന്നും അവകാശപ്പെട്ടു. അതുകൊണ്ട് അനുച്ഛേദം 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കരുതെന്നാണ് കേന്ദ്രം വാദിക്കുവാന്‍ ശ്രമിച്ചത്. അത് സുപ്രീം കോടതി അംഗീകരിച്ചില്ല. പ്രത്യേക പദവി എടുത്തുമാറ്റി ഭരണഘടനയെ വെല്ലുവിളിക്കുന്നതിനുള്ള അവകാശമല്ല, പ്രദേശത്ത് സമാധാനം കൈവരിക്കാനായെന്ന അവകാശവാദമെന്ന ശക്തമായ അഭിപ്രായമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. വകുപ്പ് റദ്ദാക്കിയ തീരുമാനത്തിനെതിരായ ഹര്‍ജികളില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ വാദം കേള്‍ക്കുന്നതിനും പരമോന്നത കോടതി തീരുമാനിച്ചു. പാര്‍ലമെന്റും മറ്റ് ജനാധിപത്യ സംവിധാനങ്ങളും നിലനില്‍ക്കുമ്പോള്‍ സുപ്രധാനവും ഭരണഘടനാപരവുമായ വിഷയങ്ങളില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകളുടെ ഉദാഹരണങ്ങളാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും. യഥാര്‍ത്ഥത്തില്‍ ഭരണഘടനെ വെല്ലുവിളിക്കുന്നതാണ് ഇവയെന്ന് വരികള്‍ക്കിടയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ട് ഒരേ ദിവസം സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായ ഈ രണ്ട് തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണ്.

Exit mobile version