18 May 2024, Saturday

കേന്ദ്ര ഏജൻസികളും സുപ്രീം കോടതി നിലപാടും

പ്രത്യേക ലേഖകന്‍
April 15, 2023 4:54 am

കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളെക്കുറിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ രാജ്യത്തിന്റെ സാർവദേശീയ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആന്റ് അനാലിസിസ് വിങ്ങു (റോ) മായി ബന്ധപ്പെട്ട ഒരു സംഭവം സൂചിപ്പിച്ചിട്ടുണ്ട്. 2018 ജൂണിൽ അന്നത്തെ റോ മേധാവി, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് ഒരു കത്ത് നൽകിയത് സംബന്ധിച്ചായിരുന്നു റിപ്പോർട്ട്. കുപ്രസിദ്ധമായ ശാരദാ കുംഭകോണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ടെലിവിഷൻ ചാനൽ നടത്തിയ അനധികൃത പണം ഇടപാട് സംബന്ധിച്ച് വിശദീകരണം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റോ മേധാവിക്ക് കത്തെഴുതിയതായിരുന്നു ക്യാബിനറ്റ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നത്. റോ മേധാവിയെ മാത്രമല്ല രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച ഒന്നായിരുന്നു ഇഡിയുടെ വിശദീകരണ നോട്ടീസ്. ഇത് യഥാർത്ഥത്തിൽ റോയുടെ പ്രവർത്തനങ്ങളിൽ മറ്റൊരു കേന്ദ്ര ഏജൻസിയുടെ അനാവശ്യമായ ഇടപെടൽ മാത്രമായിരുന്നില്ല . മറിച്ച് ഇത്തരം സംഭവങ്ങളെക്കുറിച്ച് റോ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന അന്വേഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും മറ്റും ഉദ്ദേശിച്ചതായിരുന്നുവെന്ന സംശയവും ജനിപ്പിക്കുന്നു. ഇതു കഴിഞ്ഞ് 2020 ഫെബ്രുവരിയിൽ ഇഡി ഡയറക്ടറേറ്റ് മറ്റൊരു സർക്കുലർ പുറപ്പെടുവിച്ചു. കേസുകൾ അന്വേഷിക്കുന്നതിൽ ഏകീകൃത സ്വഭാവമുറപ്പാക്കുക എന്നതായിരുന്നു സർക്കുലറിന്റെ യുക്തിയെങ്കിലും ഇഡിയുടെ പരിധിയോ പ്രവർത്തനങ്ങളോ പരിമിതപ്പെടുത്താനോ നിയന്ത്രിക്കാനോ പാടില്ലെന്ന നിർദേശം പ്രസ്തുത സർക്കുലറിലുണ്ടായിരുന്നു. ഇത്തരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി സ്വയം മേധാവി ചമയുന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് പ്രസ്തുത റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കിയിരുന്നത്.

 


ഇതുകൂടി വായിക്കു; ജനാധിപത്യ സംരക്ഷണ പോരാട്ടം ഇസ്രയേലിലും ഇന്ത്യയിലും


കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് ഇഡി ഇങ്ങനെ സ്വയം ശക്തിയാർജിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്ര ഭരണാധികാരികളുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ഉപകരണമായാണ് ഇപ്പോൾ ഈ ഏജൻസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല സംഭവങ്ങളിൽ നിന്നും ഉദ്ധരിക്കാനാവും. ക്രമസമാധാനം, ദേശീയ സുരക്ഷ, കുറ്റകൃത്യങ്ങളുടെ വ്യാപ്തി, കേസിന്റെ സങ്കീർണത, പൊതു താല്പര്യം എന്നിവ കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളും മറ്റും അന്വേഷിക്കുക എന്നതാണ് ഇഡി ഡയറക്ടറേറ്റിന്റെ മുഖ്യ ചുമതല. ഇഡി തന്നെ 2020ൽ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നത് അഴിമതി തടയുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു കോടി രൂപയും മറ്റുള്ളവയിൽ അഞ്ച് ലക്ഷം രൂപയും വരെയുള്ളവയാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ടതെന്നാണ്. എന്നാൽ ഇഡി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പല അന്വേഷണങ്ങളും ഈ പരിധിയിൽ പെടുന്നതല്ല എന്ന ആക്ഷേപവും വ്യാപകമാണ്. അതിൽ നിന്നുതന്നെ ഇഡിയുടെ അധികാര ദുർവിനിയോഗം വ്യക്തമാകുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെ ചോദ്യം ചെയ്യപ്പെട്ട നാഷണൽ ഹെറാൾഡ് കേസ് ഇവിടെ പരിശോധനാർഹമാണ്. ഇഡി ഈ സ്ഥാപനത്തിനെതിരെ ഇപ്പോൾ നടപടിയും അന്വേഷണവും നടത്തിക്കൊണ്ടിരിക്കുന്നത് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ്. എന്നാൽ വെട്ടിപ്പു നടത്തിയെന്ന് കരുതപ്പെടുന്ന തുക 39.86 ലക്ഷം രൂപ മാത്രമാണ്. അതിനർത്ഥം ഒരു കോടി വരെ തുക ഉൾപ്പെടുന്ന കേസുകളാണ് അന്വേഷിക്കേണ്ടതെന്ന് മാനദണ്ഡപ്രകാരം അവരുടെ പരിധിയിൽ പെടുന്നതല്ല ഈ കേസ് എന്നാണ്. എന്നു മാത്രവുമല്ല നേരത്തെ അന്വേഷണം നടത്തി ഈ കേസ് മറ്റൊരു ഏജന്‍സി അവസാനിപ്പിച്ചിരുന്നതുമാണ്.

എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെട്ടെന്ന് ഈ കേസ് പൊങ്ങി വരികയായിരുന്നു. നേരത്തെ നടത്തിയ അന്വേഷണങ്ങളിൽ സിബിഐ പറഞ്ഞിരുന്ന കാര്യങ്ങൾക്കപ്പുറം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല എന്ന സാഹചര്യത്തിലാണ് കേസന്വേഷണം മരവിച്ചു പോയത്. എന്നാൽ കഴിഞ്ഞവർഷം പെട്ടെന്ന് ഇത് പൊങ്ങി വരികയും രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയവര്‍ക്ക് ഇഡി നോട്ടീസ് നല്കുകയും ഒന്നിലധികം തവണ ചോദ്യം ചെയ്യുകയുമുണ്ടായി.  കാർത്തി ചിദംബരത്തിന്റെ ചൈനീസ് വിസയുമായി ബന്ധപ്പെട്ട കേസ് ചുമത്തിയത് 50 ലക്ഷം രൂപ കോഴഇടപാട് നടന്നുവെ ന്ന കാരണം പറഞ്ഞായിരുന്നു. അനധികൃത പണമിടപാട് കേസിൽ ഉൾപ്പെട്ടിരിക്കുന്ന തുക ഒരു കോടിയിൽ താഴെയാണെങ്കിൽ ജാമ്യമനുവദിക്കാവുന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കാർത്തി ചിദംബരത്തിന്റെ കാര്യത്തിൽ അതുണ്ടായില്ല. കാർത്തി ചിദംബരം ഉൾപ്പെട്ട മറ്റൊരു കേസാണ് ഐഎൻഎക്സ് ‑മീഡിയ കേസ്. ഇതിൽ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത് 9.96 ലക്ഷം രൂപ കാർത്തിയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് നൽകി എന്നതാണ്. അതുകൊണ്ടുതന്നെ ഇത് ഇഡിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ പറ്റുന്നതല്ല. പക്ഷേ ഇഡി തങ്ങളുടെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) തയ്യാറാക്കിയപ്പോൾ തുക മൂന്നു കോടി എന്നാക്കി വർധിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് കാർത്തിയുടെ ജാമ്യ സാധ്യത ഇല്ലാതാക്കിയത്. അതേസമയം സിബിഐ കുറ്റപത്രത്തിൽ 2008ലാണ് ഐഎൻഎക്സ് മീഡിയയുടെ ഉടമയെ കാർത്തി ചിദംബരം കാണുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇഡിയുടെ മൂന്ന് കോടി രൂപ കോഴ കൈപ്പറ്റി എന്ന് പറയുന്നതാകട്ടെ 2007ലാണെന്നാണ് ചേർത്തിട്ടുള്ളത്.

 


ഇതുകൂടി വായിക്കു;  ഭരണപക്ഷം സ്തംഭിപ്പിച്ച പാര്‍ലമെന്റ് സമ്മേളനം


പ്രതിപക്ഷ പാർട്ടിയായ എൻസിപിയുടെ നേതാവ് നവാബ് മാലിക്ക് ഇഡി കേസിൽ ഉൾപ്പെട്ട് ജയിലിലായി. ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2003ലും 2005ലും യഥാക്രമം 10, 15 ലക്ഷം രൂപ വീതം നൽകി വാങ്ങിയ ഒരു ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിനെ കഴി ഞ്ഞവര്‍ഷം അനധികൃത പണമിടപാടിന്റെ പേരുപറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിലില്‍ അടച്ചത്. ഭൂമി ഇടപാടിൽ ഒന്നിൽ ഇടനിലക്കാരനായിരുന്നത് സലിം പട്ടേൽ എന്ന വ്യക്തിയായിരുന്നു. ഇയാൾ ഒരല്പകാലം അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനയുടെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു എന്ന കാരണത്താൽ നവാബ് മാലിക്കിന്റെ ഭൂമിയുടെ ഇടപാട് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയാണ് ഇഡി കേസ് രൂപകല്പന ചെയ്തത്. രജിസ്ട്രാർ ഓഫിസിൽ നേരിട്ടെത്തി സബ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച് നടത്തിയ ഒരു ഭൂമിയുടെ ഇടപാടാണ് അധോലോക നായകന്റെ ബന്ധം ആരോപിച്ച് അനധികൃത പണം ഇടപാട് എന്ന നിലയിൽ കെട്ടിച്ചമച്ച് പ്രതിപക്ഷ പാർട്ടി നേതാവായ മാലിക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി, ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി, ബിഹാറിലെ രാഷ്ട്രീയ ജനതാദൾ എന്നിവയുടെ നേതാക്കളടക്കം പല പ്രതിപക്ഷ കക്ഷി നേതാക്കൾക്കുമെതിരെ, ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഇതുപോലെ രൂപകല്പന നടത്തിയെടുത്ത കേസുകളുമായാണ് വേട്ടയാടൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 14 പ്രതിപക്ഷ കക്ഷികൾ കേന്ദ്രസർക്കാരിന്റെ വിവിധ അന്വേഷണ ഏജൻസികൾ രാഷ്ട്രീയ വിദ്വേഷത്തോടെ നടത്തുന്ന അന്വേഷണങ്ങളും നേതാക്കളെ ജയിലിലടയ്ക്കുന്ന നടപടികളും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്. കോടതി വളരെ ലളിതമായ ന്യായീകരണത്തിലൂടെ ഹർജി തള്ളിക്കളഞ്ഞുവെങ്കിലും ഇഡി, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ കേസുകളും അവയുടെ നടപടികളും പരിശോധിച്ചാൽ ഈ ഏജൻസികളുടെയെല്ലാം പ്രവർത്തനങ്ങൾ ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാകും.

ഇഡി പുറത്തുവിട്ട ചില കണക്കുകളിൽ വളരെ വിചിത്രമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. തങ്ങൾ ചുമത്തിയ കേസുകളുടെ ശിക്ഷാനിരക്ക് 96 ശതമാനമാണെന്നാണ് അവരുടെ അവകാശവാദം. ഇതുപക്ഷേ വിചാരണ പൂർത്തിയാക്കിയ 25ൽ 24 കേസുകളുടെ ശിക്ഷാവിധിയെ ആസ്പദമാക്കിയാണ് എന്ന് മാത്രം. യഥാർത്ഥത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഓരോ വർഷവും ചുമത്തുന്ന കേസുകളുടെ എണ്ണത്തിൽ ഭീമമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെ ചുമത്തപ്പെട്ട കേസുകളിൽ 8.9ശതമാനത്തിന്റെ വിചാരണ പൂർത്തിയാക്കുകയും അതിന്റെ 96 ശതമാനത്തിൽ ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു എന്ന കണക്കാണ് ഇഡി പുറത്തുവിട്ടത്. എന്നാൽ യഥാർത്ഥത്തിൽ 2018 ‑19ൽ നിന്ന് 2021–22ൽ എത്തുമ്പോൾ ഇഡി ചുമത്തിയ കേസുകളുടെ എണ്ണത്തിൽ 555 ശതമാനത്തിന്റെ വർധന ഉണ്ടായി എന്ന് വിവിധ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന വാർത്തയിൽ പറയുന്നുണ്ട്. 2018 ‑19ൽ 195 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2021 — 22ൽ അത് 1180 ആയി ഉയർന്നു. വിവിധ കേന്ദ്രങ്ങളിലും പ്രദേശങ്ങളിലും നടത്തിയ പരിശോധനകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ഇഡി സു പ്രീം കോടതിയുടെ അമ്യൂക്കസ് ക്യൂരി മുമ്പാകെ സമർപ്പിച്ച പട്ടികപ്രകാരം അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് 122 ജനപ്രതിനിധികൾക്ക് എതിരെയാണ് കേസ് ചുമത്തിയത്. ഈ കണക്ക് പരിശോധിച്ച് ചില ദേശീയ മാധ്യമങ്ങൾ അന്ന് പുറത്തുവിട്ട കണക്കുപ്രകാരം ഇതിൽ നൂറോളം പേരും പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള ജനപ്രതിനിധികൾ ആയിരുന്നു. മറ്റുള്ളവർ പ്രാദേശിക കക്ഷികളുടെയോ സാമുദായിക സംഘടനകളുടെയോ നേതാക്കളും. ഇതിൽ നിന്നെല്ലാം ഈ ഏജൻസികൾ രാഷ്ട്രീയ എതിരാളികളെയും എതിരഭിപ്രായമുള്ളവരെയും ഭയപ്പെടുത്തി വരുതിയിലാക്കുന്നതിനാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് സുപ്രീം കോടതി തള്ളിയെങ്കിലും പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജിയിലെ വസ്തുതകൾ നിലനില്‍ക്കുന്നു.
(കടപ്പാട്: ദ വയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.