Site iconSite icon Janayugom Online

മകളെ സംസ്കരിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നു; ഹൃദയം തൊടുന്ന കുറിപ്പുമായി ഒരച്ഛന്‍

തന്റെ മകളുടെ മൃതശരീരം സംസ്കരിക്കാന്‍ സംസ്കാരം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൈക്കൂലി നല്‍കേണ്ടി വന്നതായി കുറിപ്പ് പങ്കുവച്ച് ഒരു പിതാവ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മുൻ സിഎഫ്ഒ ശിവകുമാർ കെയാണ് തന്റെ ഏക മകളുടെ മരണശേഷമുണ്ടായ ദുരനുഭവത്തെക്കുറിച്ചും ബംഗളൂരുവിലെ അഴിമതി നിറഞ്ഞ സംവിധാനങ്ങളെയും കുറിച്ച് വേദനാജനകമായ അനുഭവം വിശദീകരിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചത്. ലിങ്ക്ഡ്ഇനിൽ ആണ് വളരെ വൈകാരികമായ കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.

ശിവകുമാറിന്റെ മകൾ അക്ഷയ ശിവകുമാർ (34) സെപ്റ്റംബർ 18 നാണ് തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചത്. മകളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി മിക്കവാറും എല്ലാ ഘട്ടങ്ങളിലും കൈക്കൂലി നൽകാൻ നിർബന്ധിതനായെന്നാണ് ശിവകുമാർ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് മകളെ മാറ്റാന്‍ ആദ്യം ആംബുലൻസ് ഡ്രൈവർ 3000 ആവശ്യപ്പെട്ടു. പൊലീസും കൈക്കൂലി ആവശ്യപ്പെട്ടതായും പരുഷമായി പെരുമാറിയതായും അദ്ദേഹം പറയുന്നു. ശവസംസ്കാര സ്ഥലത്തും എഫ്‌ഐആറിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനുമായി പണം നല്‍കേണ്ടി വന്നതായി അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. തന്റെ പക്കല്‍ പണമുണ്ടായതുകൊണ്ട് തന്റെ ആവശ്യം നടന്നു. ഇതുപോലൊരു സാഹചര്യത്തില്‍ പണമില്ലാത്തവര്‍ എന്തു ചെയ്യുമെന്നും ശിവകുമാര്‍ ചോദിക്കുന്നു. ശിവകുമാറിന്റെ പോസ്റ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സംഭവത്തില്‍ നടപടിയെടുക്കുകയും ശിവകുമാറിന്റെ പോസ്റ്റില്‍ ആരോപണ വിധേയരായ പിഎസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Exit mobile version