ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ‌്ടിയു) 29-ാമത് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. വൈകിട്ട് പതാക, ബാനർ ജാഥകൾ കെഎസ്ആർടിസി കോർണറിൽ സംഗമിച്ചു. ശൂരനാട് സ്മൃതി കുടീരത്തിൽ നിന്നും ബിനു പട്ടേരി ലീഡറായി കൊണ്ടുവന്ന പതാക എകെഎസ‌്ടിയു മുൻ സംസ്ഥാന പ്രസിഡന്റ് എൻ ഗോപാലകൃഷ്ണനും പുന്നപ്ര — വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഉണ്ണിശിവരാജൻ ലീഡറായി കൊണ്ടുവന്ന ബാനർ സി മോഹനനും ഏറ്റുവാങ്ങി.
തുടർന്ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എകെഎസ‌്ടിയു സംസ്ഥാന സെക്രട്ടറി ഒ കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എകെഎസ‌്ടിയു നൽകുന്ന പി ആർ നമ്പ്യാര്‍ പുരസ്കാരം പന്ന്യൻ രവീന്ദ്രന് ചിറ്റയം ഗോപകുമാർ സമ്മാനിച്ചു. വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരൻ, ഡി സജി, എ പി ജയൻ, ആർ ശരത്ചന്ദ്രൻ നായർ, എൻ ശ്രീകുമാർ, പി കെ മാത്യു, ജിജു സി ജെ, ശങ്കരനാരായണൻ, ബിജു ടി പേരയം, എം എൻ വിനോദ്, പി കെ സുശീൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഇപ്റ്റ പത്തനംതിട്ട ജില്ലാ ഗായക സംഘത്തിന്റെ നാടക — വിപ്ലവ ഗാനാലാപനം ‘സംഘഭേരിയും’ നടന്നു. ഇന്ന് രാവിലെ പത്തിന് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
വൈകിട്ട് 4.30ന് അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്ഷനിൽ നിന്നും പൊതുവിദ്യാഭ്യാസ റാലി. കെഎസ്ആർടിസി കോർണറിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കെ കെ സുധാകരൻ അധ്യക്ഷത വഹിക്കും. നാളെ രാവിലെ പത്തിന് യാത്രയയപ്പ് സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ബാബു (വിദ്യാഭ്യാസം ഭാവി കാഴ്ചപ്പാട് ), എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് (മൂല്യനിർണയവും പരീക്ഷകളും) എന്നിവര്‍ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് ചർച്ചയ്ക്കുള്ള മറുപടി, ഭാവി പ്രവർത്തന രൂപരേഖ, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

