വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതിയും കുറ്റകൃത്യത്തിന് കൂട്ടുനിന്ന സഹോദരിയും കുറ്റക്കാരെന്ന് കണ്ടെത്തി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുടക് ജില്ലയിലെ നാപ്പോക്ക് സ്വദേശി പി എ സലിം എന്ന സൽമാൻ (38), സഹോദരി സുഹൈബ (21) എന്നിവരെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണൽ സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
കഴിഞ്ഞ വർഷം മേയ് 15 നായിരുന്നു സംഭവം. ക്ഷീരകർഷകനായ കുട്ടിയുടെ മുത്തച്ഛൻ അതിരാവിലെ വാതിൽ ചാരിവച്ച് പാൽ കറക്കാനായി പോയ സമയത്ത് ഒളിഞ്ഞിരുന്ന പ്രതി വീടിനകത്തു കടന്ന് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയായ പെൺകുട്ടിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു. അര കിലോമീറ്റർ അകലെയുള്ള വയലിലെത്തിച്ച് പീഡനത്തിന് വിധേയമാക്കുകയും കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വിട്ടയക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയുടെ കമ്മൽ സുഹൈബയുടെ സഹായത്തോടെ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വില്പന നടത്തുകയായിരുന്നു. ഒന്നാം പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നത് പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. മാതാവിന്റെ പ്രായാധിക്യം കണക്കിലെടുത്ത് ശിക്ഷയിളവ് നൽകണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. ഇരുഭാഗത്തേയും വാദങ്ങൾ കേട്ട കോടതി ശിക്ഷാവിധി നാളത്തേക്ക് മാറ്റുകയായിരുന്നു.

