Site iconSite icon Janayugom Online

ചുരിദാറിട്ട് വന്നതിന് പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ കേസ്; സ്‌കൂള്‍ മാനേജറെ പ്രതി ചേര്‍ത്തു

ചുരിദാര്‍ ധരിച്ചുവന്നതിന്റെ പേരില്‍ പ്രധാന അധ്യാപികയെ ഗേറ്റില്‍ തടഞ്ഞ കേസില്‍ സ്കൂൾ മാനേജരെയും പ്രതിചേർത്തു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സുരേഷ് കുമാറിനെയാണ്​ പ്രതി ചേര്‍ത്തത്​. അധ്യാപികയെ തടയാന്‍ സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കിയതിനാണ് മാനേജര്‍ സുരേഷ് കുമാറിനെതിരേ പ്രേരണാക്കുറ്റം.

നേരത്തെ സെക്യുരിറ്റി ശശാങ്കനെതിരെ മാത്രമാണ്​ പൊലിസ് കേസെടുത്തത്​. ഇതിനു പിന്നാലെ മാനേജ്‌മെന്റ് ശശാങ്കനെ പിരിച്ചു വിട്ടത്. ഇതിനു പിന്നാലെ സ്‌കൂള്‍ മാനേജര്‍ക്കെതിരേ കേസെടുക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും താല്‍കാലിക ജീവനക്കാരനെതിരേ മാത്രം കേസെടുത്തത് കേസ് ഒതുക്കി തീര്‍ക്കാനാണെന്നും പ്രധാന അധ്യാപിക സിന്ധു എസ്. നായര്‍ ആരോപിച്ചത്. ഇതോടെയാണ് കൊട്ടാരക്കര പൊലിസ് മാനേജരെയും പ്രതി ചേര്‍ത്തത്.

സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി കൊല്ലം ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കി. കെഇആര്‍ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഡിഇഒ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദീകരണം ചോദിച്ച് സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാവിലെ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത്. തുടര്‍ന്ന് പൊലിസ് ഇടപെട്ട് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. 

Exit mobile version