Site iconSite icon Janayugom Online

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എക്കെതിരേ കേസെടുക്കും

T RajaT Raja

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എക്കെതിരേ കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ തുടങ്ങി. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഫലം അനുഭവിക്കുമെന്നായിരുന്നു തെലങ്കാനയിലെ ബിജെപി എംഎല്‍എയായ ടി രാജ സിങിന്റെ ഭീഷണി. ഇത് വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ഇതിനോട് എംഎല്‍എ പ്രതികരിച്ചില്ല. തുടര്‍ന്നാണ് കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെലങ്കാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. മാത്രമല്ല, എംഎല്‍എക്ക് പൊതുപരിപാടികൡ പങ്കെടുക്കാനോ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനോ മാധ്യമങ്ങളെ കാണാനോ അനുമതിയില്ല.

72 മണിക്കൂര്‍ അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, 171 എഫ് എന്നീ വകുപ്പുകളുടെയും ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പിന്റെയും ലംഘനമാണ് ടി രാജസിങ് എംഎല്‍എ ചെയ്തിരിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു. 24 മണിക്കൂറിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും നിര്‍ദേശം നല്‍കി. മറുടി ലഭിച്ചില്ലെങ്കില്‍ നിയമ നടപടി ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിജെപി എംഎല്‍എ ഇതൊന്നും ഗൗനിച്ചില്ല. തുടര്‍ന്നാണ് കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

മറുപടി നല്‍കുന്നതിന് ഫെബ്രുവരി 21 വരെ സമയം വേണമെന്ന് എംഎല്‍എ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച ഉച്ച വരെ സമയം നല്‍കി. ഈ സമയത്തും എംഎല്‍എ മറുപടി നല്‍കിയില്ല. ഇന്ന് ഉത്തര്‍ പ്രദേശില്‍ മൂന്നാംഘട്ട പോളിങ് നടക്കുകയാണ്. ആദ്യ രണ്ട് പോളിങ് കഴിഞ്ഞ ശേഷം എംഎല്‍എ രാജ സിങ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ വീടുകള്‍ തകര്‍ക്കുമെന്നും ഉത്തര്‍ പ്രദേശില്‍ നിന്ന് ആട്ടിപ്പായിക്കുമെന്നുമായിരുന്നു എംഎല്‍എയുടെ ഭീഷണി.

മുമ്പും നിരവധി വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് രാജ സിങ്.ഉത്തര്‍ പ്രദേശില്‍ ചില പ്രദേശങ്ങളില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. യോഗി ആദിത്യനാഥിന്റെ എതിരാളികള്‍ വോട്ടര്‍മാരെ കൂടുതലായി പോളിങ് ബൂത്തിലെത്തിക്കുന്നുവെന്നും യോഗിക്ക് തിരിച്ചടിയാകുമെന്നും എംഎല്‍എ വിശ്വസിക്കുന്നു. തുടര്‍ന്നാണ് ഹിന്ദുക്കള്‍ എല്ലാവരും ഇനിയുള്ള വോട്ടെടുപ്പ് ഘട്ടങ്ങളില്‍ പോളിങ് രേഖപ്പെടുത്തമമെന്ന് രാജസിങ് ആവശ്യപ്പെട്ടത്. യോഗി നിരവധി ജെസിബിയും ബുള്‍ഡോസറും വിളിച്ചിട്ടുണ്ട്. എല്ലാം യുപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കണ്ടെത്തും. ജെസിബി എന്തിനാണ് ഉപയോഗിക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. യോഗിയെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ വോട്ട് ചെയ്യാത്തവര്‍ രാജ്യദ്രോഹികളാണ്. യുപിയില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ബിജെപിക്ക്് വോട്ട് ചെയ്യണം. യോഗി യോഗി എന്ന് വിളിക്കണം, അല്ലെങ്കില്‍ യുപി വിട്ട് പോകണമെന്നും രാജ സിങ് എംഎല്‍എ പറഞ്ഞു.

Eng­lish Sum­ma­ry: A case will be reg­is­tered against a BJP MLA who threat­ened voters

You may also like this video:

Exit mobile version