Site iconSite icon Janayugom Online

ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നൽകി; സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നൽകിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നേരത്തെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍.നേരത്തെ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമായതായി സാന്ദ്ര പറഞ്ഞു. ആ ഗ്രൂപ്പില്‍ സ്ത്രീകള്‍ ഇല്ല. തന്റെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. 

നേരത്തെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ ശക്തമായി സാന്ദ്ര രംഗത്ത് എത്തിയിരുന്നു. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. അസോസിയേഷനില്‍ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണം. സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുവെന്നും പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റല്‍ ഹരാസ്മെന്റ് ഉണ്ടാകുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു. 

Exit mobile version