Site iconSite icon Janayugom Online

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ വെല്ലുവിളിക്കുന്ന ബിൽ ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ബിൽ പാർലമെന്ററി സംയുക്ത സമിതിക്ക് വിടാൻ സർക്കാർ തീരുമാനിച്ചു.

ബില്ലിൽ വിശദമായ ചർച്ച നടക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിൽ പറഞ്ഞു. ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ചശേഷം അവതരിപ്പിക്കും.വോട്ടെടുപ്പിനൊടുവിൽ എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭക്ക് മുമ്പാകെ അവതരിപ്പിച്ചത്.

ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്ന ഭേദഗതിയും ഇതിൽ ഉൾപ്പെടുന്നു. ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയിൽ എൻഡിഎക്ക് ഒറ്റക്ക് ബിൽ പാസാക്കാനാവില്ല.

Exit mobile version