Site icon Janayugom Online

ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന്‍ വളഞ്ഞവഴി

ഏകീകൃത വ്യക്തി നിയമം (യൂണിഫോം സിവില്‍ കോഡ്) നടപ്പിലാക്കുന്നതിന് വളഞ്ഞവഴിയിലൂടെ മോഡിസര്‍ക്കാരിന്റെ നീക്കം.
ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുള്ള അംഗം കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡ് 2020 സ്വകാര്യ ബില്ലായി രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തോടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമായി.
രാജ്യത്ത് നിലവിലുള്ള മതപരമായ വ്യക്തിഗത നിയമങ്ങള്‍ ഒഴിവാക്കുകയാണ് ഏകീകൃത വ്യക്തി നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യവ്യാപകമായി ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയതലത്തില്‍ പരിശോധനയ്ക്കും അന്വേഷണങ്ങള്‍ക്കുമായി പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് മീണ ആവശ്യപ്പെട്ടു.
ഏകീകൃത നിയമം നടപ്പാക്കുന്നത് രാജ്യത്തെ സാംസ്കാരിക വൈവിധ്യവും ഐക്യവും തകര്‍ക്കുമെന്ന് കാണിച്ച് പ്രതിപക്ഷം പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ 23നെതിരെ 63 വോട്ടുകള്‍ക്ക് പ്രമേയങ്ങള്‍ പരാജയപ്പെടുകയും ബില്ലിന് അവതരണാനുമതി നല്കുകയും ചെയ്തു.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാദിച്ചു.
അംബേദ്കറെ ഉദ്ധരിച്ച് അംഗങ്ങള്‍ വാദങ്ങള്‍ ഉന്നയിക്കുന്നത് വേദനാജനകമാണെന്നും ബില്‍ അവതരണത്തിനിടെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കേണ്ടതില്ലെന്നും അവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും ഗോയല്‍ പറഞ്ഞു. തുടര്‍ന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ബില്‍ ശബ്ദവോട്ടിന് വയ്ക്കുകയായിരുന്നു. ഇതിനിടെ ശൂന്യവേളയില്‍ രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി എംപി ഹര്‍നാഥ് സിങ് യാദവ് നോട്ടീസ് നല്‍കി.
വിവാഹം, വിവാഹ മോചനം, ദത്ത്, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഓരോ വ്യക്തിയുടേയും മതവിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള നിയമമാണ് രാജ്യത്ത് പ്രാബല്യത്തിലുള്ളത്. ഇത് ഒറ്റ നിയമത്തിന് കീഴില്‍ കൊണ്ടുവരാനാണ് ബിജെപിയുടെ ലക്ഷ്യം. 

മതേതരഘടനയെ അപകടപ്പെടുത്തും

ബില്‍ രാജ്യത്തിന്റെ മതേതരഘടനയെ അപകടപ്പെടുത്തുമെന്ന് സിപിഐ നേതാവ് പി സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള എല്ലാ വ്യക്തി നിയമങ്ങളെയും ഇല്ലാതാക്കുന്നത്, നമ്മുടെ ഗ്രാമങ്ങളെ പോലും വര്‍ഗീയമായി വിഭജിക്കുമെന്നും ദേശീയ താല്പര്യത്തിന് ഹാനികരമാണെന്നും അദ്ദേഹം ബില്ലിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് (സിപിഐ(എം)), തിരുച്ചി ശിവ (ഡിഎംകെ), ആര്‍ ജി വര്‍മ്മ (സമാജ്‌വാദി പാര്‍ട്ടി) തുടങ്ങിയവരും ബില്ലിനെ എതിര്‍ത്തു. ബില്‍ അനാവശ്യമായ ചര്‍ച്ചകള്‍ക്കും സാമൂഹ്യ ഘടനയില്‍ ഭിന്നതയുണ്ടാക്കുന്നതിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ബിനോയ് വിശ്വം കത്ത് നല്കുകയും ചെയ്തിരുന്നു. 

പതിവുരീതിക്ക് വിപരീതം

അവതരണത്തിനുള്ള ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്ന പതിവിന് വിപരീത രീതിയാണ് ഇന്നലെ നടന്നത്. അംഗങ്ങള്‍ക്ക് ഏത് വിഷയത്തിലും സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അവകാശമുണ്ട്.
ഇങ്ങനെ അവതരിപ്പിക്കുന്ന ബില്ലുകള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയ്ക്ക് വയ്ക്കുകയോ ആണ് പതിവ്. എന്നാല്‍ ബില്‍ അവതരണത്തിന് ശേഷം വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് കേന്ദ്രമന്ത്രിയുള്‍പ്പെടെ നിര്‍ദ്ദേശിച്ചത്. അടുത്ത സമ്മേളനത്തിലെ നറുക്കെടുപ്പില്‍ കിരോഡി ലാല്‍ മീണയ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ഇതേ ബില്‍ അവതരിപ്പിക്കുന്നതിനും വിശദമായ ചര്‍ച്ചയ്ക്കും അവസരമുണ്ടാകും. തങ്ങള്‍ ഏകീകൃത സിവില്‍ കോഡിനായി നിലകൊള്ളുന്നുവെന്ന പ്രതീതി നിലനിര്‍ത്തുവാനും സാധിക്കും. അത് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണമാക്കുകയും ചെയ്യാം. 

Eng­lish Sum­ma­ry: A crooked way to imple­ment the Uni­form Per­son Act

You may also like this video

Exit mobile version